India National

ഉപതെരഞ്ഞെടുപ്പ് ഫലം: ദന്തേവാഡയില്‍ കോണ്‍ഗ്രസ് മുന്നില്‍; ഹാമിര്‍പൂരിലും ബദര്‍ഗഡിലും ബി.ജെ.പിക്ക് ലീഡ‍്

മൂന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും നിയമസഭാ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു. ചത്തീസ്ഗഡിലെ ദന്തേവാഡ, ഉത്തർപ്രദേശിലെ ഹാമിർപൂർ, ത്രിപുരയിലെ ബദർഗഡ് എന്നിവിടങ്ങളിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്.

ഹാമിർപൂരിലും ബദർഗഡിലും ബി.ജെ.പി ലീഡ് ചെയ്യുമ്പോള്‍ നക്സല്‍ ബാധിത മേഖലയായ ദന്തേവാഡയിൽ കോൺഗ്രസിനാണ് ലീഡ്. ദന്തേവാഡ, ബദർഗഡ് നിയമസഭാ സീറ്റുകളിൽ സിറ്റിങ് എം‌.എൽ.‌എമാരായ ഭീമ മാണ്ഡവി, ദിലീപ് സർക്കാർ എന്നിവരുടെ മരണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പുണ്ടായത്. കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് സിറ്റിങ് ബി.ജെ.പി എം‌.എൽ.‌എ അശോക് കുമാർ സിങ് ചന്ദലിനെ അയോഗ്യനാക്കിയത് ഹാമിർ‌പൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കുകയായിരുന്നു.

ദന്തേവാഡ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ദേവതി കർമ്മ അഞ്ചാം റൗണ്ട് വോട്ടെണ്ണലിനുശേഷവും ലീഡ് തുടരുകയാണ്. 6,108 വോട്ടുകൾക്കാണ് ദേവതി മുന്നില്‍ നില്‍ക്കുന്നത്. ഇതേസമയം, ബി.ജെ.പി സ്ഥാനാർഥി യുവരാജ് സിങ് ഹാമിർപൂർ ഉപതെരഞ്ഞെടുപ്പിൽ 900 വോട്ടുകൾക്ക് മുന്നിലാണ്. ബദർഗഡില്‍ മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥി 3000 ല്‍ കൂടുതല്‍ വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്.