India National

ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ മകനെയും സജീവ രാഷ്ട്രീയത്തിലിറക്കാന്‍ അശോക് ഗെഹ്‌ലോട്ട്

ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് മകനെയും എത്തിക്കാനുള്ള ശ്രമത്തിലാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ഗെ‌ഹ്‌ലോട്ടിന്റെ മകൻ വൈഭവ് ഗെ‌ഹ്‌ലോട്ടിന്റെ പേര് സ്ഥാനാർത്ഥി പട്ടികയിലേക്ക് ജോധ്പൂർ കോൺഗ്രസ് ജില്ലാ കമ്മിറ്റി നിർദേശിക്കുകയും ചെയ്തു. പക്ഷേ ഏത് മണ്ഡലത്തിൽ നിന്നാകും വൈഭവ് മത്സരിക്കുക എന്നതിൽ വ്യക്തത വന്നിട്ടില്ല.

2009ലെ ലോക്സഭ തെരഞ്ഞെടുപ്പിലും വൈഭവ് ഗ‌െഹ്‌ലോട്ടിന്റെ പേര് സ്ഥാനാർത്ഥിയായി ഉയർന്നുവന്നിരുന്നു. എന്നാൽ മകനോട് പ്രത്യേക പരിഗണനയില്ലെന്ന് പറഞ്ഞ് അശോക് ‌ഗെ‌ഹ്‌ലോട്ട് വൈഭവിനെ സ്ഥാനാർഥിയായി നിർദേശിച്ചില്ല. 2008ൽ കോൺഗ്രസിൽ അംഗത്വം എടുത്ത വൈഭവ് ഇപ്പോൾ രാജസ്ഥാനിൽ പി.സി.സി ജനറൽ സെക്രട്ടറിയാണ്. പത്ത് വർഷം പാർട്ടിയെ സേവിച്ച മകന് തെരഞ്ഞെടുപ്പിൽ നിൽക്കാൻ ഒടുവിൽ പച്ചക്കൊടി കാണിച്ചിരിക്കുകയാണ് ഗെ‌ഹ്‌ലോട്ട്.

വൈഭവിന്റെ പേര് സ്ഥാനാർത്ഥി പട്ടികയിലേക്ക് ജോധ്പൂർ ജില്ലാ കമ്മിറ്റി നിർദേശിച്ചുകഴിഞ്ഞു. പക്ഷേ, ഏത് മണ്ഡലത്തിൽ നിന്നാകും വൈഭവ് ജനവിധി തേടുക എന്നതിൽ ധാരണയായിട്ടില്ല. ജലോർ, സ്വാതി മധോപൂർ എന്നീ മണ്ഡലങ്ങളാണ് പരിഗണനയിലുള്ളത്. എന്നാൽ മകനായി ജോധ്പൂർ മണ്ഡലം ഗെ‌ഹ്‌ലോട്ട് മാറ്റിവെക്കാനാണ് സാധ്യത. ജോധ്പൂർ ലോക്സഭ മണ്ഡലത്തിലെ എട്ട് നിയമസഭ സീറ്റുകളിൽ ആറെണ്ണത്തിലും കോൺഗ്രസാണ്. അശോക് ഗെ‌ഹ്‌ലോട്ട് അഞ്ച് തവണ എം.പി ആയതും ജോധ്‌പൂർ മണ്ഡലത്തിൽ നിന്നാണ്. അതുകൊണ്ട് തന്നെ മണ്ഡലത്തിലെ ഓരോ പ്രവർത്തകരുമായും ഗെ‌ഹ്‌ലോട്ടിന് നല്ല അടുപ്പമുണ്ട്. ഇത് വൈഭവിന്റെ വിജയസാധ്യത കൂട്ടുമെന്നാണ് ഗെഹ‌്‌ലോട്ടിന്റെ പ്രതീക്ഷ.

വൈഭവിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ സച്ചിൻ പൈലറ്റിനും എതിരഭിപ്രായം ഇല്ലെന്നാണ് സൂചന. നിലവിൽ രാജസ്ഥാൻ ഹൈക്കോടതിയിൽ അഭിഭാഷകനാണ് വൈഭവ്. വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ മാത്രം പരീക്ഷിക്കാനാണ് കോൺഗ്രസ് ശ്രമം. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും 25 മണ്ഡലങ്ങളും തിരിച്ച് പിടിക്കുമെന്നും രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് പ്രതികരിച്ചു.