India

ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായില്ല; പൊലീസ് സംരക്ഷണമൊരുക്കുന്നുവെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

ലഖിംപൂര്‍ഖേരിയില്‍ കര്‍ഷകരടക്കം 9 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയുടെ മകന്‍ ആശിഷ് മിശ്ര ടേനി ഹാജരായില്ല. ഇന്ന് രാവിലെ പത്തുമണിക്ക് ഹാജരാകാനായിരുന്നു യുപി പൊലീസ് നോട്ടിസ് അയച്ചിരുന്നത്. ആശിഷ് മിശ്ര ഒളിവിലാണെന്ന അഭ്യൂഹങ്ങളും ഇതിനിടെ പുറത്തുവരുന്നുണ്ട്. ashish mishra teni

അതേസമയം ആശിഷിനെ സംരക്ഷിക്കാന്‍ യുപി പൊലീസ് സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് സംയുക്തി കിസാന്‍ മോര്‍ച്ച ആരോപിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി അജയ് കുമാര്‍ മിശ്രയുടെ വീടിനുപുറത്തും നോട്ടിസ് പതിച്ചിരുന്നു.കേന്ദ്രമന്ത്രി അജയ് മിശ്രയുടെ ലഖിംപൂര്‍ സന്ദര്‍ശനത്തില്‍ പ്രതിഷേധിക്കാനെത്തിയ കര്‍ഷകരുടെ നേര്‍ക്ക് മകന്‍ ആശിഷ് മിശ്ര വാഹനം ഓടിച്ചു കയറ്റിയതാണ് കേസ്.

ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കേന്ദ്രമന്ത്രിയുടെ മകനെ പൊലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. സംഭവത്തില്‍ നാല് കര്‍ഷകര്‍ ഉള്‍പ്പെടെ 9 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആശിഷ് അടക്കമുള്ള കുറ്റവാളികള്‍ക്ക് ഉചിതമായ ശിക്ഷ ലഭിക്കണമെന്ന് കൊല്ലപ്പെട്ട കര്‍ഷകന്‍ ലവ് പ്രീത് സിംഗിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.