നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തന്നെ ബിജെപിയും അവരുടെ അന്വേഷണ ഏജന്‍സികളും അറസ്റ്റ് ചെയ്താല്‍ ജയിലില്‍ ഇരുന്നും തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് മമത ബാനര്‍ജി പറഞ്ഞു. രാജ്യത്തിന്‍റെ ഏറ്റവും വലിയ ശാപമാണ് ബിജെപിയെന്നും മമത ആരോപിച്ചു.
“എനിക്ക് ബിജെപിയെയോ അവരുടെ ഏജന്‍സികളെയോ ഭയമില്ല. അവര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്ത് അഴിക്കുള്ളിലാക്കട്ടെ. ജയിലില്‍ ഇരുന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട് തൃണമൂല്‍ കോണ്‍ഗ്രസിന് വിജയം ഉറപ്പാക്കും”- മമത ബാനര്‍ജി ബാങ്കുരയിലെ റാലിയില്‍ പറഞ്ഞു.
ബിജെപി ഒരു രാഷ്ട്രീയ പാര്‍ട്ടി അല്ല. നുണകളുടെ മാലിന്യ കൂമ്പാരമാണത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം നാരദ (ഒളിക്യാമറ ഓപ്പറേഷന്‍), ശാരദ തട്ടിപ്പ് എന്നൊക്കെ പറഞ്ഞ് ബിജെപി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ ഭീഷണിപ്പെടുത്താന്‍ വരും. പണം വാഗ്ദാനം ചെയ്തും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ തട്ടിയെടുക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. എംഎല്‍എമാര്‍ക്ക് 2 കോടിയൊക്കെ ആണ് വാഗ്ദാനം ചെയ്യുന്നത്. ഇതൊരു രാഷ്ട്രീയ പാര്‍ട്ടിയാണോ? നാടിന് അപമാനമാണവരെന്നും മമത പറഞ്ഞു.
കൃത്രിമം നടത്തിയാണ് ബിജെപി ബിഹാറില്‍ വിജയിച്ചതെന്നും മമത ആരോപിച്ചു. ജയിലിലായിട്ടും ലാലു പ്രസാദ് യാദവ് സ്വന്തം പാര്‍ട്ടിയുടെ മികച്ച പ്രകടനം ഉറപ്പുവരുത്തിയെന്നും മമത പറഞ്ഞു.