നെഹ്റു കുടുംബത്തിലുള്ളവർ വ്യാജപേരിൽ ട്രസ്റ്റുകൾ ഉണ്ടാക്കി സാമ്പത്തിക തിരിമറി നടത്തിയെന്നായിരുന്നു അനുരാഗ് ഠാക്കൂറിന്റെ ആരോപണം
ലോക്സഭയിൽ നെഹ്രു കുടുംബത്തിന് നേരെ നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. ആരേയും മാനസികമായി വേദനിപ്പിക്കണമെന്നുണ്ടായിരുന്നില്ലെന്ന് അനുരാഗ് താക്കൂർ പറഞ്ഞു.
പി.എം കെയഴ്സ് ഫണ്ട് പബ്ലിക് ട്രസ്റ്റ് ആണെന്ന കാര്യത്തിൽ സംസാരിക്കുന്നതിനിടെയാണ് അനുരാഗ് ഠാക്കൂർ നെഹ്‍റു കുടുംബത്തിനെതിരായ വിവാദ പ്രസ്താവന നടത്തിയത്. നെഹ്റു കുടുംബത്തിലുള്ളവർ വ്യാജപേരിൽ ട്രസ്റ്റുകൾ ഉണ്ടാക്കി സാമ്പത്തിക തിരിമറി നടത്തിയെന്നായിരുന്നു അനുരാഗ് ഠാക്കൂറിന്റെ ആരോപണം. ഇതോടെ മന്ത്രി മാപ്പ് പറയണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി. തുടർന്ന് സഭ നിർത്തിവച്ചു.
1948ൽ ജവഹർലാൽ നെഹ്രു പ്രധാനമന്ത്രി നാഷണൽ റിലീഫ് ഫണ്ട് രൂപീകരിക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഇന്നുവരെ അതിന്റെ രജിസ്ട്രേഷൻ പോലും നടന്നിട്ടില്ല. പിന്നെ എങ്ങനെയാണ് അതിന് എഫ്സിആർഎ (Foreign Contribution (Regulation) Act, 2010)ക്ലിയറൻസ് ലഭിച്ചത്. നെഹ്രു-ഗാന്ധി കുടുംബം വ്യാജപ്പേരുകളിൽ ട്രസ്റ്റ് ഉണ്ടാക്കി സാമ്പത്തിക തട്ടിപ്പ് നടത്തി പൊതുജനങ്ങളെ വഞ്ചിച്ചു. ഗാന്ധി കുടുംബത്തിന്റെ നേട്ടത്തിന് വേണ്ടി മാത്രമാണ് കോൺഗ്രസ് ട്രസ്റ്റ് രൂപീകരിച്ചത്, സോണിയ ഗാന്ധിയെ അതിന്റെ ചെയർമാനുമാക്കി. അത് അന്വേഷിക്കണം എന്നായിരുന്നു താക്കൂറിന്റെ പരാമർശം.