ഇന്ത്യ സന്ദർശനത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കടന്നുപോകുന്ന ഗുജറാത്തിലെ ചേരി പ്രദേശങ്ങൾ മതിൽ കെട്ടി മറയ്ക്കാൻ തീരുമാനം. അഹമ്മദാബാദ് വിമാനത്താവളം മുതൽ ഗാന്ധിനഗർ വരെയുള്ള പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ചേരിപ്രദേശങ്ങളാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ കണ്ണിൽ പെടാതാരിക്കാൻ വൻ മതിലുകൾ കെട്ടി മറയ്ക്കുന്നത്. അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷനാണ് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്.
ട്രംപിന്റെ റോഡ് ഷോ കടന്നുപോകുന്ന സർദാർ വല്ലഭായി പട്ടേൽ രാജ്യാന്തര വിമാനത്താവളവും ഇന്ദിര പാലവും തമ്മിൽ ചേരുന്ന സ്ഥലത്ത് ഏഴടിയോളം ഉയരമുള്ള മതിലാണ് സ്ഥാപിക്കുന്നത്. 2,500ലധികം പേർ താമസിക്കുന്ന ചേരി പ്രദേശങ്ങളും കുടിലുകളും ഇതു വഴി മറയ്ക്കപ്പെടും. അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനവുമായ് ബന്ധപ്പെട്ട് 50 കോടിയുടെ നിർമാണ പ്രവർത്തികളാണ് അഹമ്മദാബാദിൽ പുരോഗമിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. 16 റോഡുകളുടെ നവീകരണവും വഴിവിളക്കുകളുടെ അറ്റകുറ്റപണികളും പൂർത്തിയായി വരുന്നു. വർഷങ്ങൾക്കുശേഷമാണ് ഗുജറാത്തിൽ റോഡുകളുടെ നവീകരണപ്രവർത്തനങ്ങൾ നടക്കുന്നത്.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 24നാണ് ഇന്ത്യയിലെത്തുന്നത്. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നു സബർമതി ആശ്രമം വരെ 10 കിലോമീറ്റർ റോഡ് ഷോയിൽ മോദിയും ട്രംപും പങ്കെടുക്കും. കഴിഞ്ഞ വർഷം അമേരിക്കയിലെ ടെക്സസിലുള്ള ഹൂസ്റ്റണിൽ നടന്ന ‘ഹൗഡി മോദി’ മാതൃകയിൽ ‘കെം ഛോ ട്രംപ്’ (ഹൗഡി/ ഹലോ ട്രംപ്) പരിപാടിയും ഒരുക്കും. മോടേരയിൽ പുതുതായി പണിത സർദാർ വല്ലഭ്ഭായ് പട്ടേൽ സ്റ്റേഡിയം ഇരു നേതാക്കളും ചേർന്ന് ഉദ്ഘാടനം ചെയ്ത ശേഷം അവിടെത്തന്നെയാണ് ‘കെം ഛോ ട്രംപ്’ പരിപാടി നടത്തുക.