ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അവരുടെ അറുത്തെടുത്ത തലയുമായി ഭര്‍ത്താവ് റോഡിലൂടെ നടന്നു. ആന്ധ്രാപ്രദേശിലെ വിജയവാഡ ശ്രീനഗര്‍ കോളനിയില്‍ ഞായറാഴ്ചയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.
പ്രദീപ് കുമാര്‍ എന്ന യുവാവാണ് ഭാര്യ മണിക്രാന്തി(23)യെ കൊലപ്പെടുത്തിയ ശേഷം തല അറുത്തെടുത്ത് റോഡിലൂടെ നടന്നത്. ഒരു കയ്യില്‍ തലയും മറുകയ്യില്‍ കത്തിയുമായിട്ടാണ് ഇയാള്‍ തിരക്കേറിയ റോഡിലൂടെ നടന്നത്. തുടര്‍ന്ന് തല സമീപത്തുള്ള കനാലില്‍ വലിച്ചെറിഞ്ഞ ശേഷം ഇയാള്‍ സത്യനാരായണപുരം പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഇയാള്‍ ഭാര്യയുടെ രക്തമൊലിക്കുന്ന ശിരസുമായി നീങ്ങുന്ന ദൃശ്യങ്ങള്‍ കോളനിയിലുള്ള സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പ്രദീപ് കുമാര്‍ കനാലില്‍ ഉപേക്ഷിച്ച ശിരസിനായി പൊലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. മണിക്രാന്തിയുടെ ശിരസറ്റ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അഞ്ച് വര്‍ഷം മുന്‍പ് ജാതി എതിര്‍പ്പുകളെ അതിജീവിച്ച് പ്രണയിച്ച് വിവാഹിതരായവരാണ് പ്രദീപും മണിക്രാന്തിയും. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ നിരന്തരം വഴക്കായിരുന്നു. പ്രദീപിനെതിരെ മണിക്രാന്തി ഗാര്‍ഹിക പീഡനത്തിന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അറസ്റ്റിലായ പ്രദീപ് ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്. ഇതിന്റെ പ്രതികാരമായിട്ടാണ് പ്രദീപ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.