Entertainment

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങുമായി ടൊവീനോ തോമസ് എത്തി

ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി നടന്‍ ടൊവീനോ തോമസ് എത്തി. ഇരിങ്ങാലക്കുട സിവില്‍സ്റ്റേഷനിലെ താലൂക്കോഫീസില്‍ പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്ററിലെത്തിയാണ് ടൊവിനോ സേവനസന്നദ്ധതയറിയിച്ചത്. ആര്‍.ഡി.ഒ. സി. ലതിക, തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ സിമീഷ് സാബു, ഭൂരേഖാ തഹസില്‍ദാര്‍ എ.ജെ. മേരി എന്നിവരുമായി ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ സംസാരിച്ചു.

മേഖലയിലാരംഭിച്ച ദുരിതാശ്വാസക്യാമ്ബുകളെക്കുറിച്ചും ചോദിച്ചറിഞ്ഞു. തുടര്‍ന്ന് എടതിരിഞ്ഞി എച്ച്‌.ഡി.പി.അടക്കമുള്ള വിവിധ ക്യാമ്ബുകളില്‍ സന്ദര്‍ശനം നടത്തി.

കഴിഞ്ഞ പ്രളയ കാലത്ത് സഹായവുമായി മുന്‍നിരയിലുണ്ടായിരുന്ന നടന്‍ ടൊവീനോ തോമസ് ഇത്തവണ പോസ്റ്റൊന്നും ഇടാത്തതെന്തുകൊണ്ടാണെന്ന് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയര്‍ന്നിരുന്നു. അതിന് പിന്നാലെ തന്റെ ഭാഗം വിശദീകരിച്ച്‌ നടന്‍ രംഗത്ത് വന്നിരുന്നു. സിനിമാ പ്രമോഷനുവേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നതെന്ന് ആളുകള്‍ പറയുമെന്ന് ഭയന്നാണ് താന്‍ പോസ്റ്റിടാതിരുന്നതെന്ന് ടൊവീനോ തോമസ് വ്യക്തമാക്കിയിരുന്നു.