രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റർ നടപ്പിലാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ. കൃത്യമായ പൗരത്വ രേഖകൾ ഉള്ളവരെ മാത്രമേ രാജ്യത്തെ പൗരന്മാരായി അംഗീകരിക്കു. മറ്റേതെങ്കിലും രാജ്യത്ത് അനധികൃതമായി താമസിക്കാൻ ആകുമോ എന്നും അമിത് ഷാ ചോദിച്ചു. റാഞ്ചിയിൽ ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രം സംഘടിപ്പിച്ച പൂർവോദയ 2019 പരിപാടിയിലാണ് അമിത് ഷായുടെ പ്രതികരണം.
രാജ്യത്താകമാനം NRC നടപ്പിലാക്കും. രാജ്യത്തെ പൗരന്മാരെ ഉൾക്കൊള്ളിച്ച് ദേശീയ രജിസ്റ്റർ ഉണ്ടാക്കും. ഒരു ഇന്ത്യക്കാരനെ യുഎസ്, യുകെ, റഷ്യ എന്നിവിടങ്ങളിൽ പോയി നിയമവിരുദ്ധമായി താമസിക്കാൻ കഴിയില്ല. അപ്പോൾ നിയമപരമായ രേഖകൾ ഇല്ലാതെ എങ്ങനെ മറ്റു പൗരന്മാർക്ക് ഇന്ത്യയിൽ താമസിക്കാൻ കഴിയുമെന്നും അമിത് ഷാ ചോദിച്ചു. ഇതിന്റെ രാഷ്ട്രീയം എന്തെന്ന് മനസ്സിലാകുന്നില്ലെന്നും അമിത്ഷാ കൂട്ടിച്ചേർത്തു. കശ്മീരിന് പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിയിൽ എല്ലാ രാജ്യങ്ങളും ഇന്ത്യക്കൊപ്പം ആണെന്നും അമിത്ഷാ പറഞ്ഞു.