India National

കുമാരസ്വാമി രാജി വച്ചേക്കും; രാവിലെ 11ന് മന്ത്രിസഭായോഗം

കര്‍ണാടകയിലെ പ്രതിസന്ധി പരിഹരിയ്ക്കാനുള്ള ശ്രമങ്ങളെല്ലാം പാളിയ സാഹചര്യത്തില്‍ രാജി വയ്ക്കാനൊരുങ്ങി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. കോണ്‍ഗ്രസിലെ എം.എല്‍.എമാരുടെ രാജി തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്നാണ് സൂചന. ഇന്ന് രാവിലെ പതിനൊന്ന് മണിയ്ക്ക് മന്ത്രിസഭാ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. 107 പേരുടെ പിന്തുണയുമായി സര്‍ക്കാര്‍ രൂപീകരിയ്ക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.

ഡി.കെ ശിവകുമാറിനെ മുംബൈയില്‍ എത്തിച്ച്, രാജി വച്ച എം.എല്‍.എമാരെ തിരികെ കൊണ്ടുവരിയകയെന്നതായിരുന്നു സഖ്യ സര്‍ക്കാറിന്റെ ഏക പ്രതീക്ഷ. എന്നാല്‍, ബി.ജെ.പിയുടെ തന്ത്രപരമായ ഇടപെടല്‍ കാരണം ഇതു നടന്നില്ല. മുംബൈയില്‍ എത്തിയ ശിവകുമാറിന് എം.എല്‍.എമാരെ കാണാന്‍ പോലും സാധിയ്ക്കാതെ തിരികെ പോരേണ്ടി വന്നു. അതിനിടെയാണ് രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി രാജിവെച്ചത്. എം.ടി.ബി നാഗരാജും കെ. സുധാകറും. ഇതോടെ കോണ്‍ഗ്രസ് -ജെ.ഡി.എസ് സഖ്യ സര്‍ക്കാറിന്റെ പിന്തുണ നൂറ് പേരായി കുറഞ്ഞു. അപ്പുറത്താണെങ്കില്‍ 107 പേരുടെ പിന്തുണയുമായി ബി.ജെ.പി നില്‍ക്കുന്നു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, ഇന്നലെത്തന്നെ ബി.ജെ.പി അധ്യക്ഷന്‍ യദ്യൂരിയപ്പയുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടിരുന്നു. പാര്‍ട്ടിയുമായി പ്രശ്നങ്ങളില്ലെങ്കിലും രാജി കാര്യത്തില്‍ നിലപാട് മാറ്റാന്‍ സാധിയ്ക്കില്ലെന്ന് മുംബൈയിലുള്ള എം.എല്‍.മാര്‍ പറഞ്ഞു കഴിഞ്ഞു. പുറത്തുള്ള എം.എല്‍.എമാരില്‍ പരമാവധി എട്ടു പേരുടെയെങ്കിലും പിന്തുണ ലഭിച്ചെങ്കില്‍ മാത്രമെ സര്‍ക്കാറിന് മുന്നോട്ടു പോകാന്‍ സാധിയ്ക്കു. ഇന്നലെ രാജിവെച്ച രണ്ടു പേരും മുംബൈയിലെ വിമതര്‍ക്കൊപ്പം ചേര്‍ന്നു. കൂടുതല്‍ പേര്‍ രാജി വച്ചേക്കുമെന്ന സൂചനകളും ലഭിയ്ക്കുന്നുണ്ട്.

രാജി വച്ച എം.എല്‍.എമാര്‍ക്ക് സുപ്രിം കോടതിയില്‍ നിന്നും പ്രതികൂല വിധിയുണ്ടായെങ്കില്‍ മാത്രമെ, സഖ്യസര്‍ക്കാറിന് കുറച്ചെങ്കിലും പ്രതീക്ഷയുള്ളു. വീണ്ടും രാജി നല്‍കാനായി ബംഗളൂരുവില്‍ എത്തുമ്പോള്‍, അനുനയിപ്പിയ്ക്കാനുള്ള അവസാന ശ്രമം കൂടി കോണ്‍ഗ്രസും ജെ‍.ഡി.എസും നടത്തിയേക്കും. എന്നാല്‍,എം.എല്‍.എമാരുടെ രാജി തുടരുന്ന സാഹചര്യത്തില്‍, സര്‍ക്കാറിന് മുന്നോട്ടു പോകാന്‍ സാധിയ്ക്കില്ല. ഇതോടെയാണ് രാജി വയ്ക്കാനുള്ള തീരുമാനത്തിലേയ്ക്ക് മുഖ്യമന്ത്രി എത്തിയതെന്നാണ് സൂചന.