ഇന്ത്യയില്‍ നിന്നും യുകെയിലേക്കുള്ള യാത്രാ സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. ഏപ്രില്‍ 24 മുതല്‍ 30 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഈ വിമാനങ്ങളില്‍ യാത്ര ചെയ്യാനിരുന്നവര്‍ക്ക് റീഫണ്ട്, പുതിയ തീയതി തുടങ്ങിയ കാര്യങ്ങളില്‍ വേഗത്തില്‍ തന്നെ തീരുമാനമുണ്ടാകുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് എയര്‍ ഇന്ത്യയുടെ നടപടി. മാത്രമല്ല ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് യുകെ. പുതിയ കൊവിഡ് വകഭേദത്തിന്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്താണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടനില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം അതിതീവ്ര കൊവിഡ് വ്യാപനം തുടരുകയാണ് ഇന്ത്യയില്‍. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 295,041 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് ആദ്യമായാണ് രാജ്യത്ത് ഇത്രയധികം കൊവിഡ് പോസിറ്റീവ് കേസുകള്‍ ഒറ്റദിവസംകൊണ്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും. 15,616,130 പേര്‍ക്കാണ് രാജ്യത്താകെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ഒരു ദിവസത്തിനിടെ 2023 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന് പ്രതിദിന മരണനിരക്കാണ് ഇത്. 182,570 പേരാണ് ഇതുവരെ കൊവിഡ് രോഗബാധ മൂലം ഇന്ത്യയില്‍ മരണപ്പെട്ടത്.