India National

മെയ് 19 മുതല്‍ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ

ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രധാന സര്‍വീസുകള്‍. കൊച്ചിയിലേക്കും കൊച്ചിയില്‍ നിന്നുമായി ആകെ 12 സര്‍വീസുകളാണുണ്ടാവുക.

കോവിഡിനെ തുടര്‍ന്ന് രാജ്യത്തെ പലഭാഗങ്ങളില്‍ കുടുങ്ങിയവര്‍ക്കുവേണ്ടി ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ. മെയ് 19 മുതല്‍ ജൂണ്‍ വരെയായിരിക്കും എയര്‍ ഇന്ത്യയുടെ പ്രത്യേക സര്‍വീസുകള്‍. ബുക്കിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ല.

ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രധാന സര്‍വീസുകള്‍. മെയ് 19ന് കൊച്ചിയിലേക്കുള്ള ഒരു സര്‍വ്വീസ് മാത്രമാണ് ചെന്നൈയില്‍ നിന്നുള്ളത്. വിദേശത്തു നിന്നും ഇന്ത്യക്കാരെ കൊണ്ടുവരുന്ന പദ്ധതിക്കു ശേഷം രണ്ടാം ഘട്ടമായാണ് ആഭ്യന്തരമായി കുടുങ്ങികിടക്കുന്നവര്‍ക്കായി എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഡല്‍ഹിയില്‍ നിന്നും 173 സര്‍വീസുകളും, മുംബൈയില്‍ നിന്നും 40 സര്‍വീസുകളും ഹൈദരാബാദില്‍ നിന്നും 25 സര്‍വീസുകളുമാണ് ഉണ്ടാവുക. കൊച്ചിയിലേക്കും കൊച്ചിയില്‍ നിന്നുമായി 12 സര്‍വീസുകളാണുള്ളത്.

ഡല്‍ഹിയില്‍ നിന്നും ജെയ്പൂര്‍, ബംഗളൂരു, ഹൈദരാബാദ്, അമൃത്സര്‍, കൊച്ചി, അഹ്മദാബാദ്, വിജയവാഡ, ഗയ, ലക്‌നൗ തുടങ്ങി വിവിധ നഗരങ്ങളിലേക്കാണ് വിമാനങ്ങള്‍ പറക്കുക. അഹ്മദാബാദില്‍ നിന്നും വിജയവാഡ, ഗയ, ലക്‌നൗ എന്നീ നഗരങ്ങളിലേക്കും സര്‍വീസുകളുണ്ടാകും. മുംബൈയില്‍ നന്നും വിശാഖപട്ടണം, കൊച്ചി, അഹ്മദാബാദ്, ബംഗളൂരു, ഹൈദരാബാദ്, വിജയവാഡ തുടങ്ങിയ നഗരങ്ങളിലേക്കാണ് പ്രധാനമായും സര്‍വീസുകളുണ്ടാവുക. ഹൈദരാബാദില്‍ നിന്നും മുംബൈ ഡല്‍ഹി തുടങ്ങി നഗരങ്ങളിലേക്കും തിരിച്ചും സര്‍വീസുകളുണ്ടാകും. ബംഗളൂരുവില്‍ നിന്നും മുംബൈ, ഡല്‍ഹി ഹൈദരാബാദ് എന്നിവടങ്ങളിലേക്കും ഭുവനേശ്വറില്‍ നിന്നും തിരിച്ചും ഫ്‌ളൈറ്റുകളുണ്ടാകും.

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതിക്ക് കാത്തിരിക്കുകയാണെന്നാണ് എയര്‍ ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചത്. നേരത്തെ മെയ് 15നാണ് ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചിരുന്നത്. ഇത് 17ലേക്കും പിന്നീട് 19ലേക്കും നീട്ടുകയായിരുന്നു.