India National

യെസ് ബാങ്കിന് പിന്നാലെ സിണ്ടിക്കേറ്റ് ബാങ്കിലും വന്‍ ക്രമക്കേടുകള്‍

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് വായ്പ അനുവദിക്കുന്നതില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുശാസിക്കുന്ന ചട്ടങ്ങള്‍ ലംഘിച്ച് സിണ്ടിക്കേറ്റ് ബാങ്കില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി പരാതി.

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് വായ്പ അനുവദിക്കുന്നതില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുശാസിക്കുന്ന ചട്ടങ്ങള്‍ ലംഘിച്ച് സിണ്ടിക്കേറ്റ് ബാങ്കില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി പരാതി. കൊല്‍ക്കത്തയിലെ ശ്രേയി ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ഫൈനാന്‍സ് ലിമിറ്റഡിനും അവരുടെ അനുബന്ധ സ്ഥാപനത്തിനും 1500 കോടിയിലേറെ സിണ്ടിക്കേറ്റ് ബാങ്ക് വഴിവിട്ട സഹായം നല്‍കിയെന്നാണ് കേന്ദ്ര ധനകാര്യ മ്വന്ത്രാലയത്തിന് ലഭിച്ച പരാതി. ബാങ്കിന്റെ ഡയറക്ടര്‍മാരായ എസ്. കൃഷ്ണന്‍, അജയ് ഖുരാന എന്നിവരാണ് ക്രമക്കേടുകളുടെ പിന്നിലെന്നും പരാതിയില്‍ പറയുന്നു.

ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാനും സിണ്ടിക്കേറ്റ് ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എസ്. കൃഷ്ണന്റെ മുന്‍ മേലുദ്യോഗസ്ഥനുമായ എസ്. രാജഗോപാലിന്റേതാണ് കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശ്രേയി എന്ന സ്വകാര്യ പണമിടപാടു സ്ഥാപനം. ഇന്‍ഫ്രാസ്ട്രക്ചര്‍, എക്വിപ്‌മെന്റ് മേഖലകളിലാണ് സ്ഥാപനം പണമിടപാടുകള്‍ നടത്തുന്നത്. സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ റിസര്‍വ ബാങ്ക് ഇന്ത്യയുടെ കരുതല്‍ പട്ടികയില്‍ ഇടം കണ്ടെത്തിയ, നേരത്തെ സിണ്ടിക്കേറ്റ് ബാങ്കിനെ ഒരു ഇടപാടില്‍ വഞ്ചിച്ചതിനെ തുടര്‍ന്ന് സി.ബി.ഐ അന്വേഷണം നേരിടുന്ന വ്യക്തിയാണ് രാജഗോപാല്‍.

ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും വിരമിച്ചതിനു ശേഷം സൈലോഗ് സിസ്റ്റംസ് ഇന്ത്യാ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായും രാജഗോപാല്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ കാലത്ത് സിണ്ടിക്കേറ്റ് ബാങ്ക്, ദേനാ ബാങ്ക് എന്നീ രണ്ടു സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടക്കാതെ കൃത്രിമം കാണിച്ചതിന് രാജഗോപാലിനെതിരെ സി.ബി.ഐ കേസുണ്ട്. രാജഗോപാലിനെ കരുതിയിരിക്കണമെന്ന് റിസര്‍വ് ബാങ്ക്, ഇന്ത്യയിലെ ബാങ്കുകള്‍ക്ക് 2015ലാണ് നോട്ടീസ് നല്‍കിയത്. ഈ നോട്ടീസ് സിണ്ടിക്കേറ്റ് ബാങ്ക് മുഴുവന്‍ ശാഖകളിലേക്കും സര്‍ക്കുലറായി അയിച്ചിട്ടുമുണ്ട്. ഇതെല്ലാം ഉണ്ടായിരിക്കെയാണ് എസ്.കൃഷ്ണനും സിണ്ടിക്കേറ്റ് ബാങ്കിലെ മറ്റൊരു ഡയറക്ടറായ അജയ് ഖുരാനയും ചേര്‍ന്ന് രാജഗോപാലിന്റെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിനെ വഴിവിട്ടു സഹായിച്ചത്.

ശ്രേയിയുടെ ഓഹരിമൂല്യം 2018ലെ 33.80 രൂപയില്‍ നിന്നും 2019ല്‍ 5.75ലേക്ക് കുത്തനെ ഇടിഞ്ഞിട്ടും റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ മറികടന്ന് എസ്. കൃഷ്ണനും ഖുരാനയും ചേര്‍ന്ന് രണ്ടു തവണയായി 1300 കോടി രൂപ ശ്രേയിക്ക് നല്‍കിയെന്നാണ് സിണ്ടിക്കേറ്റ് ബാങ്കിലെ വിരമിച്ച തൊഴിലാളികളുടെ സംഘടന, കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് നല്‍കിയ പരാതി. സിണ്ടിക്കേറ്റ് ബാങ്ക് ലോണ്‍ നല്‍കിയ സ്ഥാപനങ്ങളില്‍ ഇത്തരത്തില്‍ പെട്ട വേറെയും കമ്പനികളുണ്ടെന്നും പരാതി ചൂണ്ടിക്കാട്ടുന്നു. തകര്‍ച്ചയിലേക്കു നീങ്ങുന്ന ഇത്തരം 12 കമ്പനികളുടെ പേരുകള്‍ പരാതിയില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. ബി.ബി.ബി. പ്‌ളാസ് റാങ്കിലും താഴെയുള്ള കമ്പനികള്‍ക്ക് വായ്പ അനുവദിക്കുന്നതില്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും മറികടന്നാണ് ശ്രേയി സിണ്ടിക്കേറ്റ് ബാങ്കില്‍ നിന്നും കോടികള്‍ കൈക്കലാക്കിയത്.

2017ല്‍ 71,176 കോടി മാത്രം ആസ്തിയുണ്ടായിരുന്ന ശ്രേയി 2018ലെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടില്‍ 1,72,541 കോടിയാണ് ആസ്തിയായി കാണിച്ചിട്ടുള്ളത്. കരിമ്പട്ടികയിലുള്ള ഒരു ഓഡിറ്റിങ് കമ്പനിയാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് ആരോപണമുണ്ട്. ലോണുകള്‍ ഏറ്റെടുത്തും സുരക്ഷിത ഓവര്‍ഡ്രാഫ്റ്റ് എന്ന പേരില്‍ ആസ്തിയില്ലാത്ത കമ്പനിയുടെ സ്വത്തുവകകള്‍ വരവുവെച്ചുമാണ് ഈ ലോണുകള്‍ അനുവദിച്ചത്. കിട്ടാക്കടത്തിന്റെ തോത് 5 ശതമാനത്തില്‍ കൂടുതലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് വായ്പ അനുവദിക്കരുതെന്ന ചട്ടം മറികടന്നാണ് 2019ല്‍ മാത്രം ശ്രേയിക്ക് 1300 കോടി രൂപ വായ്പ അനുവദിച്ചത്. നിലവില്‍ ഈ കണക്ക് 20 ശതമാനത്തിനും മുകളിലായ വിവരം സിണ്ടിക്കേറ്റ് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിനെ യഥാസമയം അറിയിച്ചതിന്റെ രേകളും പരാതിയോടൊപ്പമുണ്ട്.

ഉപഭോക്താക്കള്‍ക്ക് നല്‍കിയ വായ്പകള്‍ ശ്രേയിയുടെ ആസ്തിയായി റിപ്പോര്‍ട്ടില്‍ എഴുതിക്കൂട്ടിയത് അവയെ കിട്ടാക്കടങ്ങളാക്കി മാറ്റി സ്ഥാപനം അടച്ചു പൂട്ടാന്‍ രാജഗോപാല്‍ തയാറെടുക്കുന്നതിന് മുന്നോടിയാണെന്നാണ് തൊഴിലാളി സംഘടന ആരോപിക്കുന്നത്. എസ്. കൃഷ്ണന്‍, അജയ് ഖുരാന എന്നീ ഡയറക്ടര്‍മാര്‍ അറിഞ്ഞു കൊണ്ടാണ് ഈ ക്രമക്കേടുകള്‍ക്ക് ഒത്താശ ചെയ്തതെന്നും കാനറാ ബാങ്കിലേക്കും ബാങ്ക് ഓഫ് ബറോഡയിലേക്കുമുള്ള ഇവരുടെയും സ്ഥാനക്കയറ്റം നിര്‍ത്തിവെക്കണമെന്നും ഇരുവര്‍ക്കുമെതിരെ സി.ബി.ഐ അന്വേഷണം വേണമെന്നും കെ.എസ് ഭട്ട് സമര്‍പ്പിച്ച പരാതിയില്‍ ആവശ്യപ്പെടുന്നു.