India

അടൂരിൽ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ

പത്തനംതിട്ടയിൽ ബി.ജെ.പി-സി.പി.എം സംഘർഷം നിലനിൽക്കുന്ന അടൂരിൽ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മേഖലയിൽ അമ്പതിൽ പരം വീടുകൾ ആക്രമിക്കപ്പെടുകയും മൂന്നിടങ്ങളിലായി പെട്രോൾ ബോംബ് ആക്രമണങ്ങൾ ഉണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.

അടൂർ കൊടുമൺ പന്തളം പൊലീസ് സ്റ്റേഷൻ പരിധികളിലാണ് മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. 2 ദിവസമായി തുടരുന്ന ബി.ജെ.പി-സി.പി.എം സംഘർഷത്തിൽ 50 ൽ അധികം വീടുകൾ ആക്രമിക്കപ്പെട്ടു. നിരവധി വ്യാപാര സ്ഥാപനങ്ങളും അടിച്ചു തകർക്കപ്പെട്ടു. ഇരുപക്ഷത്തെയും നേതാക്കളുടെ വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. അടൂർ ടൗണിൽ ഒരു മൊബൈൽ കടയ്ക്ക് നേരെയും സി.പി.എം ഏരിയ കമ്മിറ്റി അംഗം രവീന്ദ്രന്റെ വീടിന് നേരെയും ബോംബാക്രമണം ഉണ്ടായി. കർമ സമിതി പ്രവർത്തകന്റെ മരണത്തെ തുടർന്ന് പന്തളത്തും സം‌ഘർഷം തുടരുകയാണ്. പത്തിൽ പരം വീടുകളും നിരവധി സ്ഥാപനങ്ങളും പാർട്ടി ഓഫീസുകളും ആക്രമിക്കപ്പെട്ടു. പൊലീസ് വിവിധ ഇടങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും അംഗബലത്തിലും സംവിധാനങ്ങളിലുമുള്ള കുറവ് പ്രതിസന്ധിയായിട്ടുണ്ട്.