India National

സുശാന്ത് സിങ് രാജ്പുതിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഇനി ആന്തരികാവയവങ്ങളുടെ രാസപരിശോധന കൂടി നടത്തും.

സുശാന്ത് സിങ് രാജ്പുത്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തു. കഴുത്തില്‍ കയറ് മുറുകിയതിനെ തുടര്‍ന്നുണ്ടായ ശ്വാസ തടസത്തെ തുടര്‍ന്നാണ് സുശാന്ത് മരിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ സാധൂകരിക്കുന്ന വിവരങ്ങളൊന്നും നിലവില്‍ പൊലീസിന് ലഭിച്ചിട്ടില്ല. മുംബൈയിലെ കൂപ്പർ ഹോസ്പിറ്റലിലാണ് പോസ്റ്റുമോര്‍ട്ടം ചെയ്തത്. ഇനി ആന്തരികാവയവങ്ങളുടെ രാസപരിശോധന കൂടി നടത്തും. ഇതിനായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയക്കും.


34കാരനായ സുശാന്തിനെ മുംബൈയിലെ വസതിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് മാസമായി വിഷാദ രോഗത്തിന് സുശാന്ത് ചികിത്സ തേടുന്നുണ്ടെന്നും മരുന്ന് കുറിപ്പടികള്‍ കണ്ടെടുത്തിയെന്നും പൊലീസ് അറിയിച്ചു. സുശാന്തിനെ ചികിത്സിച്ച ഡോക്ടറില്‍ നിന്നും വീട്ടുജോലിക്കാരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അവസാനമായി വന്ന ഫോണ്‍ കോള്‍ കേന്ദ്രീകരിച്ചും സാമ്പത്തിക ഇടപാട് സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഒരാഴ്ച മുന്‍പ് മരിച്ച സുശാന്തിന്റെ മുന്‍ മാനേജരുടെ മരണവുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

സംസ്കാര ചടങ്ങുകള്‍ക്കായി സുശാന്തിന്റെ കുടുംബാംഗങ്ങൾ ഞായറാഴ്ച രാത്രി പട്നയിൽ നിന്ന് മുംബൈയിലെത്തി. സുശാന്തിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്‍. സുശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് സുശാന്തിന്‍റെ അമ്മാവന്‍ പറഞ്ഞു. മരണത്തില്‍ ഗൂഢാലോചനയുണ്ട്. അതുകൊണ്ട് അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

1986 ജനുവരി 21ന് ബിഹാറിലെ പട്നയിൽ ജനിച്ച സുശാന്ത് ടിവി സീരിയലിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ചേതൻ ഭഗത്തിന്റെ ത്രീ മിസ്റ്റേക്സ് ഓഫ് ലൈഫ് എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് കപൂറിന്റെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ കൈ പോ ചെ ആണ് ആദ്യ ചിത്രം. അതേവർഷം പുറത്തിറങ്ങിയ ശുദ്ധ് ദേശീ റോമാൻസ് എന്ന ചിത്രവും ഹിറ്റായി. ഇതോടെ സുശാന്ത് ബോളിവുഡിലെ മുൻനിരയിലേക്ക് ഉയര്‍ന്നു.

എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി, പികെ, കേദാര്‍നാഥ്, വെല്‍ക്കം ടു ന്യൂയോര്‍ക്ക്, ചിച്ചോരെ തുടങ്ങിയ ചിത്രങ്ങളില്‍ ചെയ്ത കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത ഡ്രൈവിലാണ് സുശാന്ത് സിങ് രാജ്പുതിനെ പ്രേക്ഷകര്‍ അവസാനമായി കണ്ടത്. ദിൽ ബെച്ചാരയാണ് ഇനി റിലീസ് ചെയ്യാനമുള്ള ചിത്രം. മെയ് 8ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും ലോക്ക്ഡൌണ്‍ കാരണം മാറ്റിവെയ്ക്കുകയായിരുന്നു.