India

‘ബാബാ റോങ് ദേവ്’; പെട്രോള്‍ വില കൂട്ടുന്നതിനെ ന്യായീകരിച്ച രാംദേവിനെതിരെ സിദ്ധാര്‍ഥ്

പെട്രോള്‍ വില വര്‍ധിപ്പിക്കുന്നതിനെ ന്യായീകരിച്ച യോഗ ഗുരു രാം ദേവിനെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ഥ്. രാംദേവിന്റെ 2014ലെയും 2021ലെയും വീഡിയോ പങ്കുവെച്ചാണ് സിദ്ധാര്‍ഥിന്‍റെ പ്രതികരണം.

പെട്രോളിന് വില കൂടാന്‍ കാരണം അഴിമതിയാണെന്നാണ് 2014ല്‍ രാംദേവ് പറഞ്ഞത്. 2021 ആയപ്പോള്‍ അഭിപ്രായം മാറി. രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ് ഇന്ധന വില വര്‍ധന എന്നാണ് രാംദേവിന്‍റെ ഇപ്പോഴത്തെ അഭിപ്രായം. രണ്ട് വീഡിയോകളും പങ്കുവെച്ച് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തതിങ്ങനെ- ‘ബാബാ റോങ് ദേവ്, വെരി റോങ് ഡാ ഡേയ്’.

കഴിഞ്ഞ ദിവസം രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ മരുന്നിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചെന്ന അവകാശവാദത്തിനെതിരെയും സിദ്ധാര്‍ഥ് രംഗത്തെത്തിയിരുന്നു. കോവിഡ് പ്രതിരോധത്തിനായി പതഞ്ജലി പുറത്തിറക്കിയ ആയുര്‍വേദ മരുന്ന് ഫലപ്രദമാണെന്നതിന്റെ ശാസ്ത്രീയ തെളിവുകളുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ അടക്കം പങ്കെടുത്ത ചടങ്ങിലാണ് രാംദേവ് അവകാശപ്പെട്ടത്.

രാംദേവിന്‍റെ പരസ്യ ബോര്‍ഡില്‍ പറയുന്നത് കൊറോണിലിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചെന്നാണ്. രാംദേവിന്റെ അടുത്തിരിക്കുന്നത് രാജ്യത്തിന്‍റെ ആരോഗ്യമന്ത്രിയാണ്. മുന്നിലിരിക്കുന്ന മനുഷ്യര്‍ നമ്മളാണ്. ഇന്ത്യയുടെ മണ്ടന്മാര്‍ എന്നായിരുന്നു സിദ്ധാര്‍ഥിന്‍റെ ട്വീറ്റ്.ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചെന്ന അവകാശവാദം വ്യാജമാണെന്ന് തെളിഞ്ഞതോടെ കൊറോണിലിന് ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ ഗുഡ്‌സ് മാനുഫാക്ചറിംഗ് പ്രാക്ടീസ് (ജി.എം.പി) ആണ് ലഭിച്ചതെന്ന് പതഞ്ജലി ആയുര്‍വേദ മാനേജിംഗ് ഡയറക്ടര്‍ ബാല്‍കൃഷ്ണ വിശദീകരിക്കുകയുണ്ടായി.