India National

രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം ജനുവരിയില്‍: രജനീകാന്ത്

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് നടന്‍ രജനീകാന്ത്. ജനുവരിയിലാണ് പാര്‍ട്ടി രൂപീകരിക്കുക. പാര്‍ട്ടി പ്രഖ്യാപനം ഈ മാസം 31ന് നടത്തുമെന്നും രജനീകാന്ത് ട്വിറ്ററില്‍ അറിയിച്ചു.

പാര്‍ട്ടി രൂപീകരണം ചര്‍ച്ച ചെയ്യാന്‍ രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളുമായി രജനി കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങണം എന്നാണ് ഭാരവാഹികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടത്. കോവിഡ് സാഹചര്യവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി രജനി ഇതുവരെ നിലപാട് വ്യക്തമാക്കാതെ മാറിനില്‍ക്കുകയായിരുന്നു.

നേരത്തെ തമിഴ്നാട് സന്ദര്‍ശനത്തിനിടെ അമിത് ഷാ രജനീകാന്തിനെ കാണാനും അദ്ദേഹത്തെ ബിജെപിയുടെ ഒപ്പം നിര്‍ത്താനും ശ്രമിച്ചിരുന്നു. എന്നാല്‍ രജനീകാന്ത് അമിത് ഷായെ കാണാന്‍ തയ്യാറായില്ല. പിന്നാലെയാണ് ഫാന്‍സ് അസോസിയേഷന്‍ യോഗം ചേര്‍ന്നത്. ഒടുവില്‍ സസ്പെന്‍സ് മതിയാക്കി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് രജനീകാന്ത് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

2017 മുതല്‍ രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയായിരുന്നു. 2021ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രജനീകാന്തിന്‍റെ പുതിയ നീക്കം. 2021ലെ തെരഞ്ഞെടുപ്പില്‍ രജനി മത്സരിക്കുമോ, രജനിയുടെ പാര്‍ട്ടി ആരെ പിന്തുണയ്ക്കും എന്നെല്ലാമാണ് ഇനി അറിയേണ്ടത്.