India National

‘അവളെന്റെ ഹൃദയം മോഷ്‍ടിച്ചു’ പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍

പലതരം പരാതികള്‍ വന്നെത്തുന്ന ഇടമാണ് പൊലീസ് സ്റ്റേഷനുകള്‍. എന്നാല്‍ നാഗ്പൂര്‍ പൊലീസിനെ സമീപിച്ച യുവാവിന്റെ പരാതി കേട്ട് പൊലീസുകാര്‍ പോലും ആദ്യമൊന്ന് അമ്പരന്നു. തന്റെ ഹൃദയം ഒരു പെണ്‍കുട്ടി കവര്‍ന്നെടുത്തു എന്നായിരുന്നു യുവാവിന്റെ പരാതി. നഷ്ടപ്പെട്ട ഹൃദയം കണ്ടെത്തി തിരികെ നല്‍കണമെന്നും യുവാവ് പരാതിയില്‍ ആവശ്യപ്പെട്ടു.

നാഗ്പൂരിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് സംഭവം. നിരവധി മോഷണക്കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു പരാതിയില്‍ എന്ത് നടപടിയെടുക്കുമെന്ന് പൊലീസുകാര്‍ക്കും സംശയമായി. ഒടുവില്‍ ഉപദേശത്തിനായി അവര്‍ സീനിയര്‍ ഓഫീസര്‍മാരുമായി ബന്ധപ്പെട്ടു. ഇന്ത്യന്‍ നിയമപ്രകാരം ഇത്തരം ഒരു പരാതിയില്‍ നടപടിയെടുക്കാനാവില്ലെന്ന നിയമോപദേശമായിരുന്നു മറുപടിയായി ലഭിച്ചത്.

നാഗ്പൂര്‍ പൊലീസ് കമ്മീഷ്ണര്‍ ഭൂഷണ്‍ കുമാര്‍ ഉപാധ്യായ് ആണ് ‘ഹൃദയം കവര്‍ന്ന’ പരാതിയെക്കുറിച്ചുള്ള അനുഭവം മാധ്യമങ്ങളുമായി പങ്കുവെച്ചത്. 82ലക്ഷം രൂപയുടെ മോഷണ വസ്തുക്കള്‍ ഉടമസ്ഥര്‍ക്ക് തിരികെ ഏല്‍പിക്കുന്ന പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ”മോഷ്ടിക്കപ്പെട്ട വസ്തുക്കള്‍ നമുക്ക് തിരികെ നല്‍കാം. എന്നാല്‍, ചിലപ്പോള്‍ നമുക്ക് പരിഹരിക്കാനാവാത്ത പരാതികളാവും മുന്നിലെത്തുക.” അദ്ദേഹം പറഞ്ഞു.