രാജ്യത്തെ വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രാജ്യത്തെ 49 സാംസ്കാരിക പ്രമുഖർ അയച്ച കത്തിന് സംഘപരിവാർ അനുകൂല സെലിബ്രിറ്റികളുടെ മറുപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശക്കാരനായി ചിത്രീകരിക്കുകയാണ് ഈ കത്തെഴുതിയവരുടെ ഉദ്ദേശമെന്ന് മറുപടിക്കത്തില്‍ പറയുന്നു. 62 പേരാണ് ഈ മറുപടിക്കത്തിൽ ഒപ്പ് വെച്ചത്. നടി കങ്കണ റണാവത്ത്, സംവിധായകരായ മധൂർ ഭണ്ഡാർക്കർ, വിവേക് അഗ്നിഹോത്രി, നര്‍ത്തകി സോനാൽ മാൻസിങ്, സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി, നടന്‍ മനോജ് ജോഷി തുടങ്ങിയ പ്രമുഖരാണ് കത്തില്‍ ഒപ്പുവെച്ചത്.
‘ചില പ്രത്യേക അതിക്രമങ്ങളെ കുറിച്ച് മാത്രം പ്രതികരിക്കുന്നവര്‍ക്കും വ്യാജ ആഖ്യാനങ്ങള്‍ക്കും എതിരെ’ എന്ന തലക്കെട്ടിലാണ് മറുപടി കത്ത് തുടങ്ങുന്നത്. പ്രധാനമന്ത്രിക്ക് കത്തയച്ച 49 പേരെ രാജ്യത്തിന്‍റെ സ്വയം പ്രഖ്യാപിത രക്ഷകര്‍ എന്നാണ് കത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയ പക്ഷപാതിത്വമുള്ളവരാണ് ഇവര്‍. രാജ്യത്തിന്‍റെ ജനാധിപത്യ സ്വഭാവത്തെ അപകീര്‍ത്തിപ്പെടുത്തുകയാണിവര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശമായി ചിത്രീകരിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും കത്തില്‍ ആരോപിക്കുന്നു.
കശ്മീരിലെ ഭീകരവാദത്തെക്കുറിച്ചും നക്സലിസത്തെക്കുറിച്ചും മിണ്ടാതിരുന്നവരാണ് ഇപ്പോള്‍ കത്തെഴുതിയിരിക്കുന്നത്. തീവ്രവാദികളുടെ മുദ്രാവാക്യം രാജ്യത്തെ പ്രമുഖ യൂണിവേഴ്സിറ്റി കാമ്പസുകളില്‍ മുഴങ്ങിയപ്പോള്‍ അവര്‍ ശബ്ദിച്ചില്ലെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.
വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി ആവശ്യപ്പെട്ട് 49 പ്രമുഖര്‍ ഇന്നലെയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. രാജ്യത്തെ സ്നേഹിക്കുന്ന സമാധാന സ്നേഹികളായ ജനതയെ ആശങ്കപ്പെടുത്തുന്നതാണ് നിലവിലെ സാഹചര്യം. എന്ത് നടപടിയാണ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ സ്വീകരിച്ചത്? ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസംഗിക്കുകയുണ്ടായി. എന്നാല്‍ അത് മതിയാകില്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ ജാമ്യമില്ലാ കുറ്റമായി പ്രഖ്യാപിക്കണം. ജയ് ശ്രീറാം എന്നതിനെ കൊലവിളിയാക്കി ദുരുപയോഗം ചെയ്യുകയാണ്. മതത്തിന്റെ പേരില്‍ ഇത്രയധികം ആക്രമണങ്ങള്‍ നടക്കുന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഇന്ത്യയിലെ ജനങ്ങള്‍ രാമന്റെ പേര് വളരെ പവിത്രമായി കാണുന്നവരാണ്. ഈ രാജ്യത്തെ ഉന്നതനായ ഭരണാധികാരി എന്ന നിലയില്‍ രാമന്റെ പേര് ഇങ്ങനെ അശുദ്ധമാക്കുന്നത് പ്രധാനമന്ത്രി തടയണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്നം, അനുരാഗ് കശ്യപ്, കൊങ്കണ സെന്‍ ശര്‍മ, അപര്‍ണ സെന്‍ എന്നിവരടക്കമുള്ള സിനിമ പ്രവര്‍ത്തകര്‍, ചരിത്രകാരന്‍ രാമചന്ദ്രഗുഹ, സാമൂഹ്യ പ്രവര്‍ത്തകര്‍, കലാകാരന്‍മാര്‍ തുടങ്ങിയവര്‍ കത്തില്‍ ഒപ്പ് വച്ചിട്ടുണ്ട്. ഭരണകക്ഷിയെ വിമര്‍ശിക്കുന്നത് രാജ്യത്തെ വിമര്‍ശിക്കുന്നതിന് തുല്യമല്ല. ഒരു ഭരണകക്ഷിയും രാജ്യത്തിന്റെ പര്യായമല്ല. രാജ്യത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടി മാത്രമാണ്. അതിനാല്‍ സര്‍ക്കാര്‍ വിരുദ്ധ നിലപാടുകളെ ദേശവിരുദ്ധ നിലപാടുകളായി മുദ്ര കുത്തരുത്. ഇന്ത്യയുടെ കരുത്തായ വൈവിധ്യത്തെ ഇല്ലാതാക്കാനാണ് നീക്കം നടക്കുന്നത്. രാജ്യത്തെ തകര്‍ക്കുന്ന അത്തരം നടപടികള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്നും കത്തില്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.