India National

കഴിഞ്ഞ 2 വര്‍ഷത്തിനിടെ രാജ്യത്ത് തൊഴില്‍ നഷ്ടപ്പെട്ടത് 50 ലക്ഷം പേര്‍ക്ക്;

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രാജ്യത്ത് തൊഴില്‍ നഷ്ടപ്പെട്ടത് 50 ലക്ഷം പേര്‍ക്കെന്ന് സര്‍വെ റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന് ശേഷമാണ് തൊഴിലില്ലായ്മ രൂക്ഷമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അസിം പ്രേംജി സർവകലാശാലയുടെ സെന്‍റർ ഫോർ സസ്റ്റൈയ്നബിൾ ഡെവലപ്മെന്റാണ് സര്‍വെ നടത്തിയത്. രാജ്യം രൂക്ഷമായ തൊഴിലില്ലായ്മ യിലൂടെ കടന്നു പോകുന്നു എന്ന എന്‍.ഡി.എ സര്‍ക്കാരിനെതിരായ പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടയിലാണ് അസിം പ്രേംജി സർവകലാശാലയുടെ പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. നവംബർ 2016ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചതിനുശേഷം 50 ലക്ഷം തൊഴിൽ നഷ്ടപ്പെട്ടു എന്നാണ് റിപ്പോർട്ടിലെ കണ്ടെത്തല്‍. ന്യൂനപക്ഷ വിഭാഗങ്ങളെയും അസംഘടിത മേഖലകളെയും തൊഴിലില്ലായ്മ രൂക്ഷമായി ബാധിച്ചു.

20 – 24 വയസിനിടയില്‍ ഉള്ളവരെയാണ് തൊഴിലില്ലായ്മ ഏറെ ബുദ്ധിമുട്ടി ച്ചത്. ഇരകളായതില്‍ ഏറെയും സ്ത്രീകളാണെന്നും റിപ്പോർട്ട് പറയുന്നു. ഒരു ലക്ഷത്തി 60, 000 പേരെയാണ് സർവേക്കായി തെരഞ്ഞെടുത്തിരുന്നത്. ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷൻ നേരത്തെ പുറത്തുവിട്ട പീരിയോഡിക്കൽ ലേബർ ഫോഴ്സ് സർവേയും തൊഴിലില്ലായ്മ 45 വർഷത്തിനിടയിലെ ഉയർന്ന തോതിൽ എത്തിയതായി വ്യക്തമാക്കിയിരുന്നു. 2017 -18 കാലയളവിൽ 6.1 ശതമാനമായിരുന്നു തൊഴിലില്ലായ്മ. നോട്ട് അസാധുവാക്കൽ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ന്ന് വരാതിരിക്കാൻ ശ്രമിക്കുന്നതിനിടയില്‍ പുറത്ത് നിന്ന റിപ്പോര്‍ട്ട് ബി.ജെ.പിക്ക് തിരിച്ചടിയാണ്.