India

ടാങ്കര്‍ ലോറി നിയന്ത്രണം വിട്ടു; പൂനെയില്‍ 48 വാഹനങ്ങള്‍ തകര്‍ന്നു

പൂനെ-ബംഗളൂരു ദേശീയപാതയില്‍ ടാങ്കര്‍ ലോറിക്ക് നിയന്ത്രണം നഷ്ടമായതിനെത്തുടര്‍ന്ന് 48 വാഹനങ്ങള്‍ തകര്‍ന്നെന്ന് റിപ്പോര്‍ട്ട്. നവാലെ പാലത്തിലാണ് അപകടമുണ്ടായത്. പൂനെ അഗ്‌നിശമന സേനയുടെയും പൂനെ മെട്രോപൊളിറ്റന്‍ റീജിയന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെയും രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. 

നിയന്ത്രണം നഷ്ടമായ ടാങ്കര്‍ ലോറി ഒരു കാറിലിടിച്ചാണ് അപകടമുണ്ടായത്. ഇതേത്തുടര്‍ന്ന് പിന്നാലെ വന്ന വാഹനങ്ങളും അപകടത്തില്‍പ്പെടുകയായിരുന്നു. നിരവധി വാഹനങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. ചില കാറുകള്‍ തലകീഴായി മറിഞ്ഞ അവസ്ഥയിലുമാണ്. ആറ് പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു. ഇവരെ പൂനെയിലെ രണ്ട് സ്വകാര്യ ആശുപത്രിയിലായി ചികിത്സയിലാക്കിയിട്ടുണ്ട്.

സംഭവം അത്യന്തം ഞെട്ടിപ്പിക്കുന്നതാണെന്ന് സിദ്ധാര്‍ഥ് ഷിരോള്‍ എംഎല്‍എ ട്വിറ്ററിലൂടെ പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെന്നും സംഭവത്തെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കരുതെന്നും ട്വിറ്ററിലൂടെ സിദ്ധാര്‍ഥ് ഷിരോള്‍ നിര്‍ദേശം നല്‍കി.