India

പണിമുടക്ക്: സമരാനുകൂലികള്‍ ട്രെയിന്‍ തടയുന്നു

സംയുക്ത തൊഴിലാളി യൂണിയന്‍ പണിമുടക്കിനിടെ സമരാനുകൂലികള്‍ ട്രെയിന്‍ തടയുന്നു. തിരുവനന്തപുരത്ത് വേണാട് എക്സ്പ്രസും ജനശതാബ്ദിയും തടഞ്ഞു. ശബരി എക്സ്പ്രസ് തടയാന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തുനീക്കി. എറണാകുളത്തും സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞു. തൃപ്പൂണിത്തുറയില്‍ മദ്രാസ് മെയിലാണ് തടഞ്ഞത്. ട്രെയിന്‍ ഉപരോധിക്കുന്നവരെ ഒരു നിശ്ചിത സമയം കഴിയുമ്പോള്‍ പൊലീസ് റെയില്‍വെ ട്രാക്കില്‍ നിന്ന് നീക്കുകയാണ്.

ട്രെയിന്‍ ഉപരോധം കാരണം വേണാട് എക്സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകി ഓടുകയാണ്. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി ഒരു മണിക്കൂര്‍ 20 മിനിട്ട് വൈകി ഓടിക്കൊണ്ടിരിക്കുകയാണ്. രപ്തിസാഗര്‍, പരശുറാം എന്നീ ട്രെയിനുകളും വൈകിയാണ് ഓടുന്നത്.

കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ പൊതുഗതാഗത സംവിധാനം രാത്രി തന്നെ നിശ്ചലമായി. 10 മണിയോടെ ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പെടെ സര്‍വീസ് നിര്‍ത്തിവെച്ചു. സ്വകാര്യ ബസുകളും നിരത്തിലോടില്ല. പെട്രോള്‍ പമ്പുകളും ഇന്ന് തുറക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കേന്ദ്ര സംസ്ഥാന ജീവനക്കാര്‍ പണിമുടക്കുന്നതിനാല്‍ ഓഫീസുകള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല.

അതേസമയം അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ ഉണ്ടാക്കുന്ന നഷ്ടം ചൂണ്ടിക്കാട്ടി ഇന്ന് കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കിയിട്ടുണ്ട്. കടകള്‍ അടക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്ന് ട്രേഡ് യൂണിയന്‍ ഭാരവാഹികളും വ്യക്തമാക്കി. ടൂറിസം മേഖലയെയും ശബരിമല തീര്‍ത്ഥാടകരെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കി.