India

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം: പ്രതിദിന കേസുകൾ രണ്ട് ലക്ഷം

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ രണ്ട് ലക്ഷത്തിനടുത്തേക്ക് നീങ്ങുന്നു. മരണസംഖ്യ 1000 കടന്നു. സിബിഎസ്ഇ പരീക്ഷ നടത്തിപ്പ് ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മന്ത്രിയുമായി ഉച്ചക്കും കോവിഡ് പ്രതിസന്ധി ചർച്ച ചെയ്യാൻ ഗവർണർമാരുമായി വൈകിട്ട് ആറര‌ക്കും പ്രധാനമന്ത്രി യോഗം ചേരും. മഹാരാഷ്ട്രയിൽ ഇന്ന് രാത്രി മുതൽ നിരോധനാജ്ഞ നിലവിൽ വരും.

കഴിഞ്ഞ 24 മണിക്കൂറിനിടെ 184372 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1024 പേർ രോഗം ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയിൽ മുൻ ദിവസങ്ങളെ അപേക്ഷിച്ച് കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ട്. 51757 കേസുകൾ ആണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തത്.

ഉത്തർപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ കോവിഡ് പ്രതിസന്ധി രൂക്ഷമാകുകയാണ്. യുപിയിൽ കേസുകളുടെ എണ്ണം വർധിച്ചതോടെ ആശുപത്രിയിൽ കിടക്കകൾ, മരുന്ന് എന്നിവക്ക് ക്ഷാമം നേരിട്ട് തുടങ്ങി. ഗുജറാത്തിൽ രോഗികളുടെ എണ്ണം കുറവാണെങ്കിലും അത്രപോലും ആളുകളെ ഉൾക്കൊള്ളാൻ ആശുപത്രി സൗകര്യമില്ല. മരണ സംഖ്യ ഉയർന്നതോടെ സംസ്കാരം നടത്താൻ പല ശ്മശാനങ്ങളിൽ സ്ഥലമില്ലാതായി. ഉത്തരാഖണ്ഡിലെ കുംഭമേളക്കെത്തിയ ആയിരം പേർക്ക് നിലവിൽ കൊവിഡ് സ്ഥികരിച്ചിട്ടുണ്ട്. യാതൊരു മുൻകരുതലുമില്ലാതെ നടക്കുന്ന പരിപാടി ആയതിനാൽ രോഗികളുടെ എണ്ണം കൂടാനാണ് സാധ്യത.

മിക്ക സംസ്ഥാനങ്ങളിലും ഐസിയു, വെന്‍റിലേറ്റർ, പ്രതിരോധ മരുന്ന്, ഓക്സിജൻ എന്നിവക്ക് ക്ഷമമുണ്ട്. സിബിഎസ്ഇ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് വിവിധ കോണുകളിൽ നിന്ന് ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയും, വിദ്യാഭ്യാസ മന്ത്രി രമേശ്‌ പൊക്രിയാലും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുന്നത്. ഡൽഹി അടക്കമുളള സംസ്ഥാനങ്ങൾ പരീക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അടക്കം ഗവർമാരുമായുള്ള യോഗത്തിൽ ചർച്ചയായേ‌ക്കും. വിദേശ വാക്‌സിൻ ഇറക്കുമതിക്ക് ചട്ടങ്ങൾ ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ രാഹുൽ ഗാന്ധി പരിഹസിച്ചു. ഈ ആവശ്യം ഉന്നയിച്ച രാഹുലിനെ, കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് നേരത്തെ വിമർശിച്ചിരുന്നു.