നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷം സമാജ്വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിങ് യാദവും ബി.എസ്.പി അധ്യക്ഷ മായാവതിയും ഒരേ വേദി പങ്കിടുന്നു. ബി.ജെ.പിയെ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആരംഭിച്ച എസ്.പി ബി.എസ്.പി സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സംഘടിപ്പിക്കുന്ന റാലിയിലാണ് ഇരുനേതാക്കളും വേദി പങ്കിടുക.
1995 ലെ എസ്.പി ബി.എസ്.പി സഖ്യ തകര്‍ച്ചയും മായാവതിക്ക് നേരെ മീരാഭായ് ഗസ്റ്റ് ഹൗസിലുണ്ടായ ആക്രമണവുമാണ് ഇരുവരും തമ്മിലുള്ള ശത്രുതക്ക് തുടക്കം കുറിച്ചത്.
മീരാഭായ് ഗസ്റ്റ് ഹൗസില്‍ അന്ന് സംഭവിച്ചത്
അയോധ്യയില്‍ രാം ജന്മഭൂമി എന്ന ആശയം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തി നില്ക്കുമ്പോള് ആയിരുന്നു സമാജ്വാദി പാർട്ടിയും ബഹുജൻ സമാജ്വാദി പാർട്ടിയും തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങിയത്. 26 വർഷങ്ങൾക്ക് മുമ്പ് 1993ലാണ് എസ്.പി നേതാവ് മുലായം സിങ് യാദവും ബി.എസ്.പി അധ്യക്ഷൻ കാൻഷി റാമും തമ്മിൽ സഖ്യത്തിലേർപ്പെട്ടത്. ഈ സഖ്യം 1993ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഉത്തർപ്രദേശിൽ തോൽപ്പിച്ചിരുന്നു. എന്നാല്‍ എസ്.പി – ബി.എസ്.പി സഖ്യം വെറും രണ്ടു വർഷം മാത്രമേ നീണ്ടു നിന്നുള്ളൂ.
എസ്.പിയുടെ മുലായം സർക്കാറിന് പിന്തുണ പിൻവലിക്കാൻ ബി.എസ്.പി ആലോചിക്കുന്നതായി വിവരം കിട്ടിയതിനെ തുടർന്ന് 1995 ജൂൺ രണ്ടിന്
ലഖ്നോവിലെ മീരാഭായ് ഗസ്റ്റ് ഹൗസിൽ തന്റെ എം.എൽ.എമാരുമായി മായാവതി സംസാരിച്ചിരിക്കെ ഒരു സംഘം എസ്.പി പ്രവർത്തകർ ഗസ്റ്റ് ഹൗസ് ആക്രമിക്കുകയായിരുന്നു. മായാവതിയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത എസ്.പി പ്രവർത്തകർ ഗസ്റ്റ് ഹൗസിലെ മുറി അടിച്ചുതകർക്കുകയും ചെയ്തു.
ഉത്തർപ്രദേശിലെ സാമൂഹ്യ നീതി രാഷ്ട്രീയത്തിന്റെ പ്രധാന മുഖമായ മുലായം സിങിന്റെയും എസ്.പി പ്രവർത്തകരുടെയും ഗസ്റ്റ് ഹൗസ് ആക്രമണം എസ്.പി -ബി.എസ്.പി സഖ്യത്തിന്റെ സ്ഥിരമായ വേർപിരിയലിനാണ് കാരണമായത്.
അന്ന് ബി.ജെ.പി എം.എൽ.എ ബി.ഡി ദ്വിവേദിയുടെ സഹായത്തോടെയാണ് മായാവതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. ഇതോടെയാണ് മുലായത്തിനുള്ള പിന്തുണ പിൻവലിക്കാൻ മായാവതി തീരുമാനിച്ചത്. എന്നാൽ ആക്രമണം ഒഴിവാക്കാൻ ഒരു മുൻകരുതലുകളും എടുത്തിരുന്നില്ല എന്നാണ് അന്നത്തെ എസ്.എസ്.പിയും ഇപ്പോഴത്തെ ഉത്തർപ്രദേശ് ഡി.ജി.പിയുമായ ഒ.പി സിങ് പറഞ്ഞത്.
യു.പിയിലെ കോൺഗ്രസ് നേതാക്കളുടെ സമ്മർദത്തിലാണ് പി.വി നരസിംഹ റാവു സര്‍ക്കാര്‍ ഗവർണർ മോത്തിലാൽ വോറയുടെ ശുപാർശയോടെ മുലായം സിങ്ങിനെ അവഗണിച്ചത്. നിയമസഭയിലെ തന്റെ ഭൂരിപക്ഷം തെളിയിക്കാൻ പോലും അവസരം നൽകാതെ ജൂൺ 3 ന് മുലായം സിങിനെ പുറത്താക്കി. അന്ന് വൈകുന്നേരം ബി.ജെ.പിയുടെയും ജനതാദൾന്റെയും പിന്തുണയോടെ മായാവതി മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്തു. ഉത്തർപ്രദേശിലെ സാമൂഹ്യ നീതി രാഷ്ട്രീയത്തിന്റെ പ്രധാന മുഖമായ മുലായം സിങിന്റെയും എസ്.പി പ്രവർത്തകരുടെയും ഗസ്റ്റ് ഹൗസ് ആക്രമണം എസ്.പി – ബി.എസ്.പി സഖ്യത്തിന്റെ സ്ഥിരമായ വേർപിരിയലിനാണ് കാരണമായത്.