India

ഡൽഹി സംഘർഷം: 200 കർഷകർ കസ്റ്റഡിയിൽ, യോഗേന്ദ്ര യാദവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്

ഡൽഹിയിൽ ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷം ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംഘർഷത്തിൽ ഇതുവരെ 200 പേരെ കസ്റ്റഡിയിലെടുത്തെന്ന് ഡൽഹി പൊലീസ് പറഞ്ഞു. 22 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കര്‍ഷക സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്. അക്രമത്തിന് പ്രേരിപ്പിച്ചെന്നാണ് യോഗേന്ദ്ര യാദവിനെതിരായ എഫ്ഐആര്‍.

300ലധികം പൊലീസുകാര്‍ക്ക് പരിക്കേറ്റെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. മുകര്‍ബ ചൗക്, ഗാസിപുര്‍, ഡല്‍ഹി ഐ.ടി.ഒ, സീമാപുരി, നംഗ്ലോയി ടി പോയിന്‍റ്, തിക്രി അതിര്‍ത്തി, ചെങ്കോട്ട എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങളിലാണ് പൊലീസുകാര്‍ക്ക് പരിക്കേറ്റത്. 8 ബസുകള്‍ക്കും 17 സ്വകാര്യ വാഹനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായെന്നും പൊലീസ് അറിയിച്ചു. കേന്ദ്ര മന്ത്രി പ്രഹ്ലാദ് പട്ടേൽ ചെങ്കോട്ടയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ കർഷക സംഘടനകൾ ഇന്ന് യോഗം ചേരും. ഫെബ്രുവരി ഒന്നിന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന പാർലമെന്‍റ് ഉപരോധം അടക്കമുള്ള സമര പരിപാടികൾ എങ്ങനെ വേണമെന്ന കാര്യത്തിൽ യോഗം തീരുമാനമെടുക്കും.

ടാക്ടർ മാർച്ചിനിടയിലെ സംഘർഷം സൃഷ്ടിച്ച വരെ ശിക്ഷിക്കണമെന്ന് ഭാരതീയ് കിസാന്‍ സഭ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. ചെങ്കോട്ടയിൽ പ്രതിഷേധിക്കാൻ ആലോചന ഇല്ലായിരുന്നുവെന്നും അക്രമത്തെ പിന്തുണക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നതിന് നേതൃത്വം നല്‍കിയ ദീപ് സിദ്ദുവിന്‍റെ ബിജെപി ബന്ധം ചര്‍ച്ചയാകുന്നു. നരേന്ദ്ര മോദി, അമിത് ഷാ അടക്കമുള്ള നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. മൈക്രോഫോണുമായാണ് ട്രാക്ടര്‍ റാലിക്ക് ദീപ് സിദ്ദുവെത്തിയത്. പ്രതിഷേധിക്കാനുള്ള അവകാശമാണ് പ്രകടിപ്പിച്ചതെന്നും ദേശീയ പതാക അഴിച്ചിട്ടില്ലെന്നും ദീപ് സിദ്ദു ഫേസ് ബുക്ക് ലൈവില്‍ പറഞ്ഞു.