India National

യുപിയില്‍ കൊവിഷീല്‍ഡ് എടുത്ത 20 പേര്‍ക്ക് രണ്ടാം ഡോസായി നല്‍കിയത് കോവാക്സിന്‍

ഉത്തര്‍പ്രദേശില്‍ ആദ്യഡോസായി കൊവിഷീല്‍ഡ് വാക്സിന്‍ നല്‍കിയവര്‍ക്ക് രണ്ടാം ഡോസായി നല്‍കിയത് കോവാക്സിന്‍. സിദ്ധാര്‍ത്ഥ്‌നഗര്‍ ജില്ലയിലെ ബധ്‌നി പ്രൈമറി ഹെല്‍ത്ത്‌കെയര്‍ സെന്‍ററിലാണ് സംഭവം. ഗ്രാമത്തിലെ ഇരുപതോളം പേര്‍ക്കാണ് കോവാക്സിന്‍ കുത്തിവച്ചത്. ആദ്യമെടുത്ത വാക്സിന്‍ ഏതെന്ന് അന്വേഷിക്കാതെ ജീവനക്കാര്‍ കൊവാക്സിന്‍ കുത്തിവെപ്പ് നല്‍കുകയായിരുന്നു മേയ് 14നായിരുന്നു സംഭവം. വിവരമറിഞ്ഞ ജില്ല ചീഫ് മെഡിക്കല്‍ ഓഫീസര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ വ്യത്യസ്ത വാക്സിനുകള്‍ നല്‍കണമെന്ന് യാതൊരു മാര്‍ഗനിര്‍ദ്ദേശവും നല്‍കിയിട്ടില്ല. ഇത് തികച്ചും അശ്രദ്ധയുടെ പേരില്‍ സംഭവിച്ചതാണെന്നും സിദ്ധാര്‍ഥനഗര്‍ സി.എം.ഒ സന്ദീപ് ചൌധരി കൂട്ടിച്ചേര്‍ത്തു.

”ഏപ്രില്‍ 1നാണ് ആദ്യഡോസായി കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചത്. രണ്ടാം ഡോസ് എടുത്തത് മേയ് 14നായിരുന്നു.എനിക്ക് ആദ്യമെടുത്തത് ഏത് വാക്സിനായിരുന്നുവെന്ന് ആരും അന്വേഷിച്ചതുമില്ല. അവര്‍ കോവാക്സിന്‍ കുത്തിവെപ്പെടുക്കുകയായിരുന്നു. ഞാൻ ഇപ്പോൾ ആരോഗ്യവാനാണ്, പക്ഷേ എന്‍റെ ശരീരത്തിനുള്ളിൽ എന്തോ കുഴപ്പമുണ്ടോ എന്ന ഭയം ഉണ്ട്” ഗ്രാമവാസിയായ രാമസൂറത്ത് പറഞ്ഞു. എന്നാല്‍ വ്യത്യസ്ത വാക്സിനെടുത്ത 20 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.