തീവ്രവാദ മുദ്ര കുത്തപ്പെട്ട് തടവിലടക്കപ്പെട്ട 11 പേരെ 25 വർഷങ്ങൾക്ക് ശേഷം നാസിക് കോടതി വിട്ടയച്ചു. നാസിക് പ്രത്യേക ടാഡ കോടതി (TADA) ജഡ്ജ് എസ്.സി ഖാതിയാണ് തെളിവുകളുടെ അഭാവത്തിൽ പ്രതി ചേര്‍ക്കപ്പെട്ട എല്ലാവരെയും വെറുതെ വിട്ടത്. നേരത്തെ, തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായെന്നും, ‘ഭുസാവൽ അൽ ജിഹാദ്’ എന്ന തീവ്രവാദ സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തുവെന്നുമുള്ള കുറ്റങ്ങൾ ചാർത്തിയാണ് എല്ലാവരെയും പിടികൂടി തടവിലിട്ടിരുന്നത്.
നിയമ മേഖലയിൽ സന്നദ്ധ പ്രവർത്തനങ്ങള്‍ നടത്തുന്ന ‘ജാമിഅത്തുൽ ഉലമ’ എന്ന അഭിഭാഷക സംഘത്തിന്റെ പ്രവർത്തനത്താലാണ് പതിനൊന്ന് പേർക്കും പുറത്തേക്കുള്ള വഴി തുറന്നത്. മഹാരാഷ്ട്രയിലെ വിവിധയിടങ്ങളിൽ നിന്നായി 28 മെയ് 1994നാണ് സെക്ഷൻ 120 (ബി), ഐ.പി.സി 153, ടാഡ ആക്ട് സെക്ഷൻ 3 (3) (4) (5) സെക്ഷൻ 4 (1) (4) വകുപ്പുകൾ പ്രകാരം ഇവരെ അറസ്റ്റ് ചെയ്തത്. ബാബരി മസ്ജിദ് തകർത്തതിന് പ്രതികാരം ചെയ്യാൻ പദ്ധതിയിട്ടെന്നും, ഈ ആവശ്യാർഥം കശ്മീരിൽ ഭീകര ക്യാമ്പ് നടത്തിയെന്നും ഇവർക്ക് മേൽ കുറ്റം ആരോപിച്ചിരുന്നു.
ഗുൽസാർ അസ്മിയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് തടവുകാർക്കായി വാദിച്ചത്. നീതി ലഭിക്കാൻ വെെകിയെങ്കിലും, ഈ പതിനൊന്ന് പേരുടെയും മേലുണ്ടായിരുന്ന തീവ്രവാദ പേര് മായ്ച്ചു കളയാനായതിൽ സന്തോഷമുള്ളതായി അഭിഭിഷക സംഘം പറഞ്ഞു.