രാജ്യത്ത് ആശങ്ക ഉയർത്തി കൊവിഡ് വ്യാപനം. കൊവിഡ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു. മരണങ്ങൾ 66,000 കടന്നു. അതേസമയം, രോഗമുക്തി നിരക്ക് 77 ശതമാനത്തിലേക്ക് അടുക്കുന്നു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കൊവിഡ് സ്ഥിരീകരിച്ചു
ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 216 ആം ദിവസമാണ് രോഗബാധിതരുടെ എണ്ണം 37 ലക്ഷം കടക്കുന്നത്. രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ 37,69,524 ആയി. ആകെ മരണം 66,333 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 78,357 പോസിറ്റീവ് കേസുകളും 1045 മരണവും റിപ്പോർട്ട് ചെയ്തു. 18 നും 44 നും ഇടയിൽ പ്രായമുള്ളവർക്കാണ് കൂടുതലായി രോഗം സ്ഥിരീകരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ രോഗവ്യാപനം തീവ്രമായി തുടരുന്നു.രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ 58 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. പശ്ചിമബംഗാൾ, ബീഹാർ, ജാർഖണ്ഡ്, ഛത്തിസ്ഗഢ്, ഒഡിഷ സംസ്ഥാനങ്ങളിലും കേസുകളുടെ എണ്ണം വർധിക്കുകയാണ്. അതേസമയം,രോഗമുക്തി നിരക്ക് 76.98 ശതമാനമായി ഉയർന്നു.മരണനിരക്ക് 1.76 ശതമാനമായി കുറഞ്ഞു.
രോഗം സ്ഥിരീകരിച്ച ഗോവ മുഖ്യമന്ത്രി വീട്ടിൽ നിരീക്ഷണത്തിലാണ് കഴിയുന്നത്. രോഗലക്ഷണം ഉണ്ടായിരുന്നില്ല. താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.