രാജ്യത്തെ രോഗബാധിതരുടെ എണ്ണം പതിനെട്ട് ലക്ഷത്തിലേക്ക്. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 53,500 കേസുകളാണ്. 758 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ആകെ 38,161 പേർക്കാണ് കൊവിഡ് ബാധിച്ച് ജീവൻ നഷ്ടമായത്. 1,187,228 പേർ രോഗമുക്തി നേടി.
മഹാരാഷ്ട്രയിൽ ഇന്നലെ 9,509 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,41,228 ആയി. 24 മണിക്കൂറിനിടെ 260 പേരാണ് മരിച്ചത്. ആകെ മരണം 15,576 ആയി. ആന്ധ്രാപ്രദേശിൽ ഇന്നലെ 8,555 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,58,764 ആയി. 82,886 പേർ ഇതുവരെ രോഗമുക്തി നേടി. 74,404 ആക്ടീവ് കേസുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്.
തമിഴ്നാട്ടിൽ ഇന്നലെ 5,875 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 98 മരണങ്ങൾ റിപ്പോർട്ടു ചെയ്തു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2,57,613 ആയി. 4132 പേരാണ് തമിഴ്നാട്ടിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. കർണാടകയിൽ 24 മണിക്കൂറിനിടെ 5,532 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 84 മരണങ്ങൾ റിപ്പോർട്ടു ചെയ്തു. കർണാടകയിൽ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,34,819 ആയി.
അതേസമയം, കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു. ഇന്നലെയാണ് ഗെഹ്ലോട്ട് ഇക്കാര്യം ആവശ്യപ്പെട്ടത്. അതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. സി.പി.ഐ.എം ബിഹാർ സംസ്ഥാന സെക്രട്ടറി സത്യ നാരായൻ സിംഗ് കൊവിഡ് ബാധിച്ച് മരിച്ചു.