മാധ്യമ പ്രവർത്തകനെ വെടിവെച്ചു കൊന്ന കേസിൽ വിവാദ ആൾ ദൈവം റാം റഹീം സിംഗിന് ഇന്ന് സി.ബി.ഐ കോടതി ശിക്ഷ വിധിക്കും. റാം റഹീമിന്റ കൂട്ടാളികളായ മറ്റു മൂന്ന് പേരുടെയും ശിക്ഷ വിധി ഇന്നുണ്ടാകും. കേസിൽ നാല് പേരും കുറ്റക്കാർ ആണെന്ന് ഹരിയാന പഞ്ച്കുല സി.ബി.ഐ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയുടെ പശ്ചാത്തലത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്ന് പൊലീസ് റിപ്പോർട്ടുണ്ട്.
ഈ സാഹചര്യത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് കോടതി വിധി പറയുന്നത്. ഹിസാറിലും റോത്തകിലും അടക്കം ഗുർമീത് അനുയായികൾ കൂടുതൽ ഉള്ള ഇടങ്ങളിൽ സുരക്ഷ ശക്തമാക്കി. 2017 ൽ പീഡനക്കേസിൽ ഗുർമീത് ശിക്ഷിക്കപ്പെട്ടതിനെ തുടർന്നുണ്ടായ കലാപത്തിൽ 41 പേർ കൊല്ലപ്പെട്ടിരുന്നു.