India National

പാക് പൗരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ ഒഴിയണം; ഉത്തരവുമായി രാജസ്ഥാനിലെ ജില്ലാ മജിസ്ട്രേറ്റ്

രാജസ്ഥാനിലെ ബികാനിരില്‍ താമസിക്കുന്ന പാക് പൗരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞുപോകണമെന്ന് കോടതി. ബികാനിരിലെ ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. സി.ആര്‍.പി.സി 144 പ്രകാരമാണ് ഉത്തരവ്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ ഇടപെടല്‍.

ജില്ലയിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും പാക് സ്വദേശികളെ പ്രവേശിപ്പിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. പാക് പൗരന്മാര്‍ക്ക് ജോലി നല്‍കരുത്. നേരിട്ടോ അല്ലാതെയോ പാകിസ്താനുമായി കച്ചവട ബന്ധങ്ങള്‍ നടത്തരുതെന്നും ഉത്തരവില്‍ പറയുന്നു. ബികാനിരില്‍ ആരും പാകിസ്താനില്‍ രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡ് ഉപയോഗിക്കരുതെന്നും മജിസ്ട്രേറ്റ് നിര്‍ദേശം നല്‍കി. രണ്ട് മാസത്തേക്കാണ് ഈ വിലക്ക്. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ഐ.പി.സി 188 പ്രകാരം ശിക്ഷിക്കപ്പെടും.

ഫെബ്രുവരി 14നാണ് പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 40 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഇന്നലെ ഭീകരരെ തുരത്തുന്നതിനിടെ നാല് സൈനികര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ പുല്‍വാമ ആക്രമണത്തിന്‍റെ മുഖ്യസൂത്രധാരനായ ജെയ്ഷെ മുഹമ്മദ് കമാന്റര്‍ അബ്ദുല്‍ റഷീദ് ഖാസിയെ ഇന്ത്യന്‍ സൈന്യം വധിച്ചെന്നാണ് സൂചന.