India

കോടതി വിധി ജോസ് കെ. മാണി ദുർവ്യാഖ്യാനം ചെയ്തതിന്റെ തെളിവുകൾ പുറത്ത്

കട്ടപ്പന സബ് കോടതി വിധി ജോസ് കെ. മാണി ദുർവ്യാഖ്യാനം ചെയ്തതിന്റെ തെളിവുകൾ പുറത്ത്. പി.ജെ ജോസഫിന്റെ അധികാരങ്ങൾ അസ്ഥിരപ്പെടുത്തുന്നതാണ് കോടതി വിധിയെന്ന ജോസ് കെ. മാണിയുടെ വാദം തെറ്റെന്നാണ് വിധിപ്പകർപ്പില്‍ വ്യക്തമായിരിക്കുന്നത് . ജോസ് കെ മാണി വിളിച്ച സംസ്ഥാന സമിതി യോഗം ഭരണഘടനാ വിരുദ്ധമാണെന്ന വിലയിരുത്തലാണ് കോടതി ഉത്തരവിൽ ഉടനീളമുള്ളത്.

കോടതി വിധിയെന്ന പേരിൽ ജോസ് കെ മാണി പറഞ്ഞ വാക്കുകളാണിത്. ഒപ്പം കോടതി വിധിയെന്ന പേരിൽ ഒരു രേഖയും പുറത്ത് വിട്ടു. എന്നാൽ ഇത് കോടതി വിധി ദുർവ്യാഖ്യാനിച്ചാണെന്ന് വ്യക്തമായിരിക്കുകയാണ്. വിധിപ്പകർപ്പിൽ പി.ജെ ജോസഫിന്റെ അധികാരങ്ങൾ നീക്കിയതായി പരാമർശമില്ല . ജോസ് കെ. മാണിയെ ചെയർമാൻ ആയി തിരഞ്ഞെടുത്ത നടപടിയെ കോടതി രൂക്ഷമായി വിമർശിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അധികാരം ഇല്ലാത്ത ആളാണ് യോഗം വിളിച്ചത് . നിലവിലെ സാഹചര്യത്തിൽ യോഗം വിളിക്കാൻ അധികാരം ജോസഫിനാണ്. യോഗം വിളിച്ച കെ.എ ആന്റണിയെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് തെളിവില്ലെന്നും കോടതി വ്യക്തമാക്കി .

ചെയർമാൻ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ വൈകിയതിൽ ജോസഫ് നല്‍കിയ വാദങ്ങൾ കോടതി അംഗീകരിക്കുകയും ചെയ്തു. യോഗം വിളിക്കാൻ സമ്മർദ്ദം ചെലുത്തുയാണ് വേണ്ടത് . അതിന് ശേഷം അവിശ്വാസത്തിലേക്ക് കടക്കാമായിരുന്നുവെന്നും കട്ടപ്പന കോടതി വ്യക്തമാക്കി . കോടതി വിധി ദുർവ്യാഖ്യാനം ചെയ്താൽ അവരെ കോടതിയലക്ഷ്യ നടപടിയിലേക്ക് നീങ്ങാനും ജോസഫ് വിഭാഗം ശ്രമിക്കുന്നുണ്ട്. അങ്ങനെ വന്നാൽ അത് ജോസ് കെ. മാണിക്ക് വലിയ തിരിച്ചടിയാകും.