കോവിഡ് വാക്സിന്‍ കണ്ടുപിടിച്ചാലും, ആരോഗ്യമുള്ള ചെറുപ്പക്കാര്‍, വാക്സിന്‍ ലഭിക്കണമെങ്കില്‍ കാത്തിരിക്കേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന.
കൊറോണ വൈറസിനെതിരായ വാക്സിന്‍ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ലോകമെങ്ങുമുള്ള രാജ്യങ്ങള്‍. എന്നാല്‍ വാക്സിന്‍ കണ്ടുപിടിച്ചാലും, ആരോഗ്യമുള്ള ചെറുപ്പക്കാര്‍, വാക്സിന്‍ ലഭിക്കണമെങ്കില്‍ കാത്തിരിക്കേണ്ടി വരുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. മറ്റ് അസുഖമുള്ളവര്‍ക്കും, പ്രായമുള്ളവര്‍ക്കും ആദ്യഘട്ടത്തില്‍ വാക്സിന്‍ ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും ലോകാരാഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞ സൌമ്യ സ്വാമിനാഥന്‍ പറഞ്ഞു.
കോവിഡ് പ്രതിരോധത്തിന് മുന്‍നിരയില്‍ നില്‍ക്കുന്നവര്‍ക്കായിരിക്കും കോവിഡ് വാക്സിന്‍ ആദ്യം ലഭ്യമാക്കുക. അതിന് ശേഷം ആരോഗ്യപ്രശ്നങ്ങളുള്ള കൂടുതല്‍ അപകടസാധ്യതയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. അടുത്തഘട്ടത്തില്‍ പരിഗണിക്കുക പ്രായം ചെന്നവരെയാകും. ലോകമെങ്ങും പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും വാക്സിൻ ഉടനെ തന്നെ കണ്ടെത്താനാകും എന്ന കാര്യത്തിൽ പ്രതീക്ഷയില്ലെന്നാണ് സൌമ്യ സ്വാമിനാഥന്‍ കൂട്ടിച്ചേര്‍ത്തത്.
ആളുകൾ ആർജിത പ്രതിരോധ ശേഷിയെ കുറിച്ചാണ് സംസാരിക്കുന്നത്. പക്ഷേ, വാക്സിനെക്കുറിച്ചാണ് ആദ്യം ചിന്തിക്കേണ്ടത്. 70 ശതമാനം ആളുകൾക്കെങ്കിലും വാക്സിൻ നൽകാൻ കഴിഞ്ഞാലേ രോഗവ്യാപനം തടയാനാകൂവെന്നും സൗമ്യ ഒരു വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.
ലോകത്ത് വാക്‍സിൻ കണ്ടെത്താനുള്ള പരീക്ഷണങ്ങളെല്ലാം അവസാന ഘട്ടത്തിലാണ്. കോവിഡിനെതിരായ രണ്ടാമത്തെ വാക്സിനും റഷ്യ അംഗീകാരം നൽകിയിരിക്കുകയാണ്. എപിവാക് കോറോണ എന്നു പേരുള്ള വാക്സിൻ സൈബീരിയയിലെ വെക്ടർ ഇൻസിസ്റ്റ്യൂട്ട് ആണ് വികസിപ്പിച്ചെടുത്തത്. നേരത്തേ റഷ്യയുടെ ആദ്യ വാക്സിൻ സ്പുട്‌നിക് അഞ്ചിന് ഓഗസ്റ്റ് 11-ന് സർക്കാർ അംഗീകാരം നൽകിയിരുന്നു. ഇന്ത്യയില്‍ രണ്ട് വാക്‌സിനുകളാണ് പരീക്ഷണത്തിന്‍റെ അവസാന ഘട്ടത്തിലേക്ക് അടുക്കുന്നത്.