ആരോഗ്യമുള്ള ശരീരത്തിന് വിറ്റാമിനുകള്‍ അത്യന്താപേക്ഷിതമാണ്. വിറ്റാമിന്‍ അടങ്ങിയ ആഹാരം ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ നമ്മള് ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ സൌജന്യമായി പ്രകൃതിയില്‍ നിന്ന് കിട്ടുന്നൊരു വിറ്റാമിനുണ്ട്. സൂര്യപ്രകാശത്തില്‍ നിന്ന് കിട്ടുന്ന വിറ്റാമിന്‍ ഡി ശരീരത്തിന് അനിവാര്യമാണ്.
വിറ്റാമിന്‍ ഡി ആവശ്യത്തിനില്ലെങ്കില്‍ കുട്ടികളുടെ എല്ലുകളുടെ വളര്‍ച്ച കുറയും. ബലക്കുറവും കാലുകള്‍ വില്ല് പോലെ വളയുന്ന അവസ്ഥയുമുണ്ടാകാം. നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന റിക്കറ്റ്സ് എന്ന അസുഖമുണ്ടായേക്കാം. മുതിര്‍ന്നവരിലാണെങ്കില്‍ ഒസ്റ്റിയോ മലാസിയ എന്ന രോഗമുണ്ടാകും.
കാത്സ്യം കുടലില്‍ നിന്ന് ശരീരത്തിലേക്ക് വലിച്ചെടുക്കാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ ഡിയാണ്. വിറ്റാമിന്‍ ഡിയുടെ അളവ് കുറഞ്ഞാല്‍ കാത്സ്യത്തിന്റെ അളവും കുറയും. ഇതാണ് അസ്ഥികളുടെ വളര്‍ച്ചയെ ബാധിക്കുന്നത്. സന്ധികളുടെ ശക്തിക്ഷയം, നട്ടെല്ലിന്റെ ബലക്കുറവ്, കഴുത്തിലെ എല്ലുകളില്‍ വേദന എന്നിവയുമുണ്ടാകാനിടയുണ്ട്.
സൌന്ദര്യ സംരക്ഷണത്തിന്റെയും മറ്റും പേരില്‍ സൂര്യപ്രകാശത്തില്‍ നിന്ന് ഓടിയൊളിക്കാനാണ് ആളുകള്‍ പൊതുവെ ശ്രമിക്കുന്നത്. വാഹനങ്ങളില്‍ മാത്രമുള്ള യാത്ര, വെയിലത്തിറങ്ങുമ്പോഴേക്ക് ലേപനങ്ങള്‍ പുരട്ടല്‍ എന്നിവയെല്ലാം ശരീരത്തിന് ലഭിക്കേണ്ട വിറ്റാമിന്‍ ഡിയുടെ അളവ് കുറയ്ക്കുന്നു. 20 മിനിട്ട് മുതല്‍ അര മണിക്കൂര്‍ വരെ വെയില് കൊള്ളാവുന്നതാണ്. അതേസമയം പെട്ടെന്നൊരു ദിവസം കുറേ സമയം വെയില് കൊണ്ട് സൂര്യാഘാതം ഏല്ക്കാതെ നോക്കുകയും വേണം.