ഇനിമുതല്‍ വാര്‍ഡുകളില്‍ പരമാവധി 7,500 രൂപയും ഐ.സിയുകളില്‍ പരമാവധി 15,000 രൂപയുമാണ് കോവിഡ് രോഗികളില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാന്‍ സാധിക്കുക…
സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സക്കുള്ള ചിലവിന് പരിധി നിശ്ചയിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. പ്രതിദിനം രോഗികളില്‍ നിന്നും ഈടാക്കാന്‍ കഴിയുന്ന തുകയുടെ പരിധിയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് രോഗികളില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ വലിയ തുക ഈടാക്കുന്നുവെന്ന പരാതികള്‍ വ്യാപകമായതോടെയാണ് നടപടി.
ഇനിമുതല്‍ വാര്‍ഡുകളില്‍ പരമാവധി 7500 രൂപയും ഐ.സിയുകളില്‍ പരമാവധി 15000 രൂപയുമാണ് കോവിഡ് രോഗികളില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാന്‍ സാധിക്കുക. ആരോഗ്യ സെക്രട്ടറി ബീല രാജേഷ് തലവനായുള്ള സമിതിയാണ് സര്‍ക്കാരിലേക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. സമിതി നിര്‍ദേശിച്ച പരമാവധി തുകയേക്കാള്‍ കൂടുതല്‍ ആശുപത്രികള്‍ ഈടാക്കരുതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
കഴിഞ്ഞ ആഴ്ച്ചയില്‍ തമിഴ്‌നാട് ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍ കോവിഡ് രോഗികളില്‍ നിന്നും അമിത ചാര്‍ജ്ജ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നതിനെതിരെ പ്രതികരിച്ചിരുന്നു. ആശുപത്രികളിലെ പരമാവധി ചാര്‍ജ്ജുകള്‍ ക്രമീകരിക്കുമെന്നും അറിയിച്ചിരുന്നു. സേവനം ചെയ്യാനുള്ള സമയമാണെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി സ്വകാര്യ ആശുപത്രികളെ ഓര്‍മ്മിപ്പിച്ചിരുന്നു.
രാജ്യത്ത് മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. വെള്ളിയാഴ്ച്ചവരെയുള്ള ഔദ്യോഗിക കണക്ക് പ്രകാരം 28000ത്തിലേറെ പേര്‍ക്ക് തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിക്കുകയും 232 മരണങ്ങളുണ്ടാവുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം തന്നെ മഹാരാഷ്ട്ര സ്വകാര്യ ആശുപത്രികളുടെ പരമാവധി നിരക്ക് നിശ്ചയിച്ചിരുന്നു.