കൊറോണ വൈറസ് മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നത് തടയാനുള്ള രോഗപ്രതിരോധശേഷി വാക്സിന് നല്‍കിയതിലൂടെ കുരങ്ങന്മാർക്ക് ലഭിച്ചുവെന്നാണ് വിവരം
അമേരിക്കയിലെ മരുന്നുനിര്‍മ്മാണ കമ്പനിയായ മോഡേണയുടെ കോവിഡ് വാക്സിന് പരീക്ഷണത്തിന്റെ മൂന്നാംഘട്ടത്തിന് തുടക്കമായി. കമ്പനിയുടെ വാക്സിൻ പരീക്ഷണം അവസാന ഘട്ടത്തിലെത്തിയപ്പോള്‍ കുരങ്ങന്മാരിൽ നടത്തിയ പരീക്ഷണം വിജയം കണ്ടിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൊറോണ വൈറസ് മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നത് തടയാനുള്ള രോഗപ്രതിരോധശേഷി വാക്സിന് നല്‍കിയതിലൂടെ കുരങ്ങന്മാർക്ക് ലഭിച്ചുവെന്നാണ് വിവരം. 16 കുരങ്ങന്മാരിലാണ് പരീക്ഷണം നടത്തിയിരിക്കുന്നത്.
കോവിഡിനെതിരെയുളള മോഡേണയുടെ വാക്സിന്റെ ആദ്യഘട്ട പരീക്ഷണങ്ങളും വിജയകരമായിരുന്നു. വാക്സിന് സുരക്ഷിതവും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതുമാണെന്നാണ് ആദ്യഘട്ട ഫലങ്ങളിലൂടെ തെളിഞ്ഞിരുന്നു. എംആർഎൻഎ 1273 എന്ന പേരിലുളള വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനാണ് മോഡേണ കഴിഞ്ഞ ദിവസം തുടക്കമിട്ടത്. സാധാരണയായി മൂക്കിലൂടെയാണ് വൈറസ് ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ മൂക്കിൽ വെച്ച് തന്നെ വൈറസ് പകരുന്നത് തടഞ്ഞുനിർത്താൻ വാക്സിന് കഴിഞ്ഞുവെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞു. വാക്സിന് പരീക്ഷണ ശേഷം കുരങ്ങന്മാരില് വലിയ തോതിലുളള ആന്റിബോഡീസിനെ കണ്ടെത്തി. കോവിഡ് മുക്തമായ മനുഷ്യരില്‍ കണ്ടുവരുന്ന ആന്റിബോഡീസിനെക്കാള്‍ കൂടിയ അളവില്‍ കുരങ്ങന്മാരില് ഇത് കണ്ടുവന്നത് പരീക്ഷണത്തിന്റെ വിജയമായാണ് വിദഗ്ധര്‍ കാണുന്നത്.
വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തില്‍ കോവിഡ് 19നെ പ്രതിരോധിക്കാന്‍ കഴിവുളളതാണോ വാക്സിന് എന്നതാണ് പരിശോധിക്കുന്നത്. കൂടാതെ എത്രനാള്‍ കോവിഡില്‍ നിന്ന് സംരക്ഷണം നല്‍കും എന്ന കാര്യവും പരിശോധനയ്ക്ക് വിധേയമാക്കും. മൂന്നാം ഘട്ടത്തില്‍ രോഗം ബാധിക്കാത്തവരെയും ഉള്‍പ്പെടുത്തും. രോഗം ബാധിക്കാത്ത 30,000 പേരില്‍ കൂടി പരീക്ഷണം നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. 89 ക്ലിനിക്കല്‍ സൈറ്റുകളില്‍ വാക്സിന് പരീക്ഷിക്കും. പരീക്ഷണത്തിനായി സന്നദ്ധരായവര്‍ക്കിടയില്‍ 28 ദിവസത്തിനുളളില്‍ രണ്ട് ഇന്ജക്ഷന് നല്‍കും. വാക്സിനുകളുടെ സുരക്ഷയും കാര്യക്ഷമതയും നിര്‍ണ്ണയിക്കുന്നതിനുള്ള മൂന്നാം ഘട്ട ട്രയല്‍ നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം നടക്കുന്നത്
കേംബ്രിഡ്ജ് സർവകലാശാല, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആന്റ് ഇൻഫെക്ഷസ് ഡീസിസ് എന്നിവയുമായി ചേർന്നാണ് മോഡേണ, വാക്സിൻ വികസിപ്പിച്ചെടുത്തത്.