Health

നിങ്ങളുടെ കുഞ്ഞിന് പല്ലുതേക്കാന്‍ ഇഷ്ടമാണോ…? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

നിങ്ങളുടെ കുഞ്ഞിന് പല്ലുതേക്കാനിഷ്ടമില്ല എന്നതാണോ, അല്ലെങ്കില്‍ എപ്പോഴും പല്ലുതേക്കാനായി വാശി പിടിക്കുന്നുവെന്നും എന്നിട്ട് പേസ്റ്റ് അകത്താക്കുന്നുവെന്നതാണോ നിങ്ങളുടെ പരാതി… ചില കുട്ടികള്‍ക്ക് പല്ല് തേച്ച് കൊടുക്കുന്നതേ ഇഷ്ടമല്ല, സ്വയം ചെയ്തോളാമെന്ന് പറഞ്ഞ് ബ്രെഷ് വായിലിട്ട് വെറുതെ ഇരിക്കുക മാത്രം ചെയ്യും.. അതേ, അമ്മമാരെ സംബന്ധിച്ചിടത്തോളം കുട്ടികളുടെ പല്ലുതേപ്പ് ഒരു തലവേദന തന്നെയാണ്…

കുഞ്ഞുവായില്‍ പല്ല് വന്നുതുടങ്ങിയാല്‍ മാത്രം മതിയോ വായ വൃത്തിയാക്കലും ഈ സംരക്ഷണവുമെല്ലാം.. പോര. കുഞ്ഞുമോണകളെ തന്നെ നല്ല വൃത്തിയുള്ള തുണിയോ പഞ്ഞിയോ ഇളം ചൂടുവെള്ളത്തില്‍ മുക്കി എല്ലാദിവസവും വൃത്തിയാക്കുന്നത് നല്ലതാണ്. പല്ലുവന്ന് തുടങ്ങിയാലും ഉടനെത്തന്നെ ബ്രഷ് ഉപയോഗിക്കണമെന്നില്ല… ഈ രീതി തന്നെ തുടരാവുന്നതാണ്. സാധാരണയായി ഒരു കുഞ്ഞിന് ആറാമത്തെ മാസം മുതല്‍ തന്നെ പല്ലുകള്‍ വന്നുതുടങ്ങും.. കുഞ്ഞുവായിലെ പാല്‍പ്പല്ലുകള്‍ കാണിച്ച് അവര്‍ നമുക്ക് പാല്‍പുഞ്ചിരി സമ്മാനിച്ച് കൊതിപ്പിക്കും.

പല്ലുവന്നാല്‍ ആദ്യം അമ്മയുടെ വിരലില്‍ ഘടിപ്പിക്കാവുന്ന ഫിംഗര്‍ ബ്രഷുകള്‍ ഉപയോഗിച്ച് പല്ലുതേപ്പ് തുടങ്ങാം… നമ്മുടെ ഇഷ്ടത്തിനും ബഡ്ജറ്റിനും അനുസരിച്ചുള്ള ഫിംഗര്‍ ബ്രെഷുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. അതിന് ശേഷം മതി കുട്ടികള്‍ക്കായുള്ള കുഞ്ഞിബ്രെഷ് വാങ്ങുന്നത്.

രാവിലെ ഉറങ്ങിയെഴുന്നേറ്റ ഉടനെ, വാ വന്നേ ബ്രെഷ് ചെയ്തേ എന്നിട്ട് കാപ്പി കുടിക്കണം എന്ന പട്ടാളച്ചിട്ടയൊന്നും കുട്ടിയോട് എടുക്കാന്‍ നില്‍ക്കണ്ട.

ആദ്യം കുട്ടിക്ക് ഇഷ്ടമുള്ള നിറത്തിലുള്ളതോ, ഇഷ്ടപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ രൂപത്തിലുള്ളതോ ആയ ബ്രെഷുകള്‍ തന്നെ വാങ്ങി നല്‍കുക. ഈ ബ്രെഷില്‍ പേസ്റ്റ് പുരട്ടി, ആദ്യം ആ ബ്രെഷ് കൊണ്ട് അന്തരീക്ഷത്തില്‍ കുട്ടിയുടെ മുന്നിലായി വലിയ വൃത്തം വരയ്ക്കുക.. പിന്നെ അതിലും ചെറുത്, അങ്ങനെ വൃത്തങ്ങള്‍ ചെറുതാക്കി, ഒടുവില്‍ പല്ലിന് നേരെയെത്തി, പല്ലില്‍ വെച്ചും ബ്രെഷ് കറക്കുക… കളി കുട്ടിക്ക് ഇഷ്ടപ്പെടുകയും, രാവിലെ ബ്രെഷ് ചെയ്യാന്‍ കുട്ടി താത്പര്യമെടുക്കുകയും ചെയ്യും. കുട്ടികള്‍ക്കായുള്ള ഈ ബ്രെഷിംഗ് രീതിക്ക്, Fones Technique എന്നാണ് പറയുക.

കുട്ടികള്‍ക്കായുളളടൂത്ത് പേസ്റ്റുകള്‍ തെരഞ്ഞെടുക്കാന്‍ പറ്റുമെങ്കില്‍ എന്തുകൊണ്ടും അത് ഉപയോഗിക്കുന്നതാണ് കുഞ്ഞിപ്പല്ലിന് നല്ലത്. സാധാരണ പേസ്റ്റില്‍ മുതിര്‍ന്നവരുടെ പല്ലിന് വെണ്മ കൂട്ടുന്നതിനാവശ്യമായ രാസവസ്തുക്കള്‍ ചേര്‍ക്കാറുണ്ട്. ഇത് കുഞ്ഞിന്റെ പല്ലിന് തേയ്മാനമുണ്ടാക്കും.

കുഞ്ഞിബ്രെഷില്‍ പുരട്ടുന്ന പേസ്റ്റിന്റെ അളവിലും ശ്രദ്ധ വേണം. മൂന്ന് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഒരു അരിമണിയുടെ വലിപ്പത്തില്‍ മാത്രം പേസ്റ്റ് എടുത്താല്‍ മതിയാവും… മൂന്നുമുതല്‍ ആറുവയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കാണെങ്കില്‍ ഒരു പയറുമണിയുടെ വലിപ്പത്തിലും പേസ്റ്റ് ബ്രെഷില്‍ എടുത്താല്‍ മതി.

എല്ലാ വര്‍ഷവും ഫെബ്രുവരി മാസം ദേശീയ ശിശുദന്താരോഗ്യ മാസമായി ആചരിക്കാറുണ്ട് അമേരിക്കന്‍ ദന്തല്‍ അസോസിയേഷന്‍. ആരോഗ്യകരമായ പുഞ്ചിരിക്കായി നന്നായി ബ്രഷിംഗും ഒപ്പം തന്നെ പല്ലുകള്‍ക്കിടയിലെ അവശിഷ്ടങ്ങളും നന്നായി വൃത്തിയാക്കൂ എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം…