Health

ഒഴിവാക്കരുത് ഫൈബര്‍; ഡയറ്റില്‍ ഫൈബര്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള 5 ഗുണങ്ങള്‍

ദഹനപ്രക്രിയയിലും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതിനുമെല്ലാം ഭക്ഷണത്തില്‍ നിന്ന് നമ്മുക്ക് അവശ്യം ലഭിക്കേണ്ട ഒന്നാണ് ഫൈബര്‍. പലപ്പോഴും നമ്മള്‍ കഴിക്കാതെ അവഗണിക്കുന്ന ഒന്ന് കൂടിയാണ് ഇത്. ഓട്‌സ്,ചോളം, ആപ്പിള്‍, ക്യാബേജ്, പയര്‍, ബദാം, ഇലക്കറികള്‍, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്,ക്യാരറ്റ്, ബീന്‍സ് എന്നിവയില്‍ നിന്നെല്ലാം നമ്മുക്ക് ഫൈബര്‍ ലഭിക്കും. ഡയറ്റില്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള അഞ്ച് പ്രയോജനങ്ങള്‍ പരിശോധിക്കാം.

  1. കുടലിലുള്ള ദഹനപ്രക്രിയയെ സഹായിക്കുന്ന ബാക്ടീരിയകളെ സംരക്ഷിക്കുന്നതില്‍ ഫൈബര്‍ വലിയ പങ്ക് വഹിക്കുന്നു. ഗട്ട് ബാക്ടീരിയകള്‍ എന്നറിയപ്പെടുന്ന ഇവ സംരക്ഷിക്കപ്പെടുന്നതും ശരിയായി പ്രവര്‍ത്തിക്കുന്നതും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
  2. ഫൈബര്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ദീര്‍ഘനേരം വയര്‍ നിറഞ്ഞിരിക്കുന്നത് പോലെ തോന്നുക വഴി ഇടയ്ക്കിടയ്ക്കുള്ള ഭക്ഷണങ്ങളും സ്‌നാക്‌സും വളരെ എളുപ്പത്തില്‍ കുറച്ചുകൊണ്ട് വരാന്‍ സാധിക്കുന്നു.
  3. ഹൈ ഫൈബര്‍ ഭക്ഷണങ്ങള്‍ താരതമ്യേനെ കലോറിമൂല്യം കുറഞ്ഞവയായിരിക്കും. വളരെ കുറഞ്ഞ കലോറിയുള്ള, ഊര്‍ജ സാന്ദ്രത കുറഞ്ഞ ഭക്ഷണങ്ങള്‍ ആണെങ്കില്‍ പോലും ഇവ വളരെയധികം നേരത്തേക്ക് വിശപ്പ് മാറ്റുകയും ചെയ്യും. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫൈബര്‍ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങള്‍ ധൈര്യമായി കഴിയ്ക്കാം.
  4. രക്തത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്ന പ്രക്രിയ വൈകിപ്പിക്കാന്‍ ഫൈബറിന് കഴിയുമെന്നതിനാല്‍ തന്നെ പ്രമേഹ രോഗികള്‍ക്ക് ഫൈബര്‍ അടങ്ങിയ ഭക്ഷണം ധൈര്യമായി കഴിയ്ക്കാം.
  5. ചീത്ത കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ ഫൈബര്‍ വളരെയധികം സഹായിക്കും. മാത്രമല്ല ഓട്‌സ്, ഫഌക്‌സ് സീഡ്, ബീന്‍സ് മുതലായ ഹൈ ഫൈബര്‍ ഭക്ഷണങ്ങള്‍ നെഞ്ചെരിച്ചില്‍ ഉള്‍പ്പെടെ തടയാനും സഹായിക്കുന്നു. ഫൈബര്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.