കാലാവസ്ഥ വ്യതിയാനം കാരണമുണ്ടാകുന്ന അസുഖങ്ങള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നുവെന്ന് പഠനങ്ങള്‍. വേനല്‍ രൂക്ഷമാകുന്നതോടെ നിരവധി അസുഖങ്ങള്‍ വ്യാപിക്കാനിടയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ആരോഗ്യമേഖലയില്‍ ഒരു പാട് നേട്ടങ്ങള്‍ കൈവരിച്ച സംസ്ഥാനമാണ് കേരളം. എന്നാല്‍ കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന അസുഖങ്ങള്‍ പൊതുജനാരോഗ്യമേഖലക്ക് വലിയ വെല്ലുവിളിയാണ്. ചൂട് കനക്കുന്നതോടെ ജലജന്യരോഗങ്ങള്‍, ചൂട് കാരണമുള്ള അസുഖങ്ങള്‍, വായുവിലൂടെ പടരുന്ന അണുബാധകള്‍ എന്നിവ വ്യാപിക്കാനിടയുണ്ട്.
സംസ്ഥാനത്ത് 60 ശതമാനം പേര്‍ക്ക് ശുദ്ധമായ കുടിവെള്ളം കിട്ടാക്കനിയാണ്. വയറിളക്ക രോഗങ്ങള്‍ ഇപ്പോള്‍ തന്നെ വ്യാപകമാണ്. മാലിന്യനിര്‍മാര്‍ജനം, കൊതുക് നിവാരണം എന്നിവയില്‍ സംസ്ഥാനം പിറകിലാണ്. യാത്ര ചെയ്യുന്നവരിലൂടെ കൈമാറി എത്തുന്ന അപൂര്‍വ രോഗങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മഴക്കാലത്തും വേനല്‍കാലത്തും വിവിധ തരം പനികള്‍ വ്യാപകമാണ്. പ്രളയം, ഓഖി, വിവിധ തരം സൈക്ലോണുകളെല്ലാം സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.