കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടു കേസില്‍ മുന്‍ മന്ത്രി എസി മൊയ്തീനെ വിടാതെ ഇഡി. എസി മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. മൊഴികളും രേഖകളും പരിശോധിച്ച ശേഷം നോട്ടീസ് നല്‍കും. മൊയ്തീന്‍ ഹാജരാക്കിയ രേഖകള്‍ പൂര്‍ണ്ണമല്ലെന്ന് ഇ ഡി അറിയിച്ചു. മൊയ്തീന്‍ മന്ത്രി, എംഎല്‍എ എന്നീ ഇനത്തില്‍ ലഭിച്ച ശമ്പള രേഖകളും, ഭാര്യയുടെ വരുമാന വിവരവും മാത്രമാണ് രേഖകളിലുള്ളത്. പി.സതീഷ് കുമാറുമായുള്ള ബന്ധത്തില്‍ എ സി മൊയ്തീന്‍ കൃത്യമായ മറുപടി നല്‍കിയില്ലെന്നാണ് ഇ ഡി ഉദ്യോഗസ്ഥരുടെ പ്രതികരണം. അതേസമയം കേസില്‍ പി.ആര്‍.അരവിന്ദാക്ഷനെ ഇന്നും ചോദ്യം ചെയ്യും.
കഴിഞ്ഞദിവസം രാവിലെ 9.30ഓടെയാണ് എസി മൊയ്തീന്‍ ഇഡിക്ക് മുന്നില്‍ ഹാജരായത്. ഇഡി ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജരാക്കിയെന്നും ആവശ്യപ്പെട്ടാല്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ രണ്ട് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കാന്‍ കത്തു നല്‍കി. ഇത് പരിശോധിക്കാമെന്ന് ഇഡി ഉറപ്പു നല്‍കിയെന്നും തനിക്ക് ആത്മവിശ്വാസ കുറവില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
നേരത്തെ രണ്ടു തവണ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും അസൗകര്യങ്ങള്‍ പറഞ്ഞ് മൊയ്തീന്‍ ഹാജരായിരുന്നില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പും മറ്റും കണക്കിലെടുത്താണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നത് നീട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.10 വര്‍ഷത്തെ ആദായ നികുതി രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കാന്‍ അന്വേഷണസംഘം മൊയ്തീനോട് ആവശ്യപ്പെട്ടിട്ടിരുന്നു. നിയമസഭ സമ്മേളനം ഒഴിവാക്കിയാണ് മൊയ്തീന്‍ ഇഡിക്കു മുന്നിലെത്തിയത്.