Gulf

2021ലെ ഹജ്ജ്: സൗദി ഒരുക്കം തുടങ്ങി

2021ലേക്കുള്ള ഹജ്ജ് ഒരുക്കങ്ങൾ സൗദി അറേബ്യ സജീവമാക്കി. കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞതോടെ കൂടുതൽ പേർക്ക് അവസരമുണ്ടായേക്കും. സംസ്ഥാനത്തെ ഹജ്ജ് കമ്മിറ്റിയും ഡിസംബർ 10 വരെ അപേക്ഷകൾ സ്വീകരിക്കുന്നുണ്ട്. കുട്ടികൾക്കും അധിക പ്രായമുള്ളവർക്കും ഇത്തവണയും ഹജ്ജിന് അനുമതിയുണ്ടാകില്ല.

നവംബര്‍ ഏഴ് മുതലാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി അപേക്ഷകൾ സ്വീകരിച്ചത്. ഡിസംബര്‍ 10 ആണ് അവസാന തിയ്യതി. ഇത്തവണ രണ്ട് ഘട്ടങ്ങളിലായാണ് അപേക്ഷാ നടപടികൾ. ആദ്യ ഘട്ടത്തില്‍ ഓൺലൈൻ വഴി അപേക്ഷിക്കണം. ഇതിൽ നിന്നും നറുക്കെടുപ്പുണ്ടാകും. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവർ അപേക്ഷയും ഒര്‍ജിനല്‍ പാസ്പോര്‍ട്ടും അഡ്വാന്‍സ് തുകയടച്ച രശീതി, മെഡിക്കല്‍ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് രണ്ടാം ഘട്ടത്തില്‍ സമര്‍പ്പിക്കണം.

കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേകമായ നിർദേശങ്ങളും വിശദമായ ആക്ഷൻ പ്ലാനും സൗദി അറേബ്യ പുറത്തിറക്കിയിട്ടുണ്ട്. ഇത് പ്രകാരം 18നും 65നും ഇടയിൽ പ്രായമുള്ളവർക്കേ ഹജ്ജിന് അനുമതിയുണ്ടാകൂ. മുന്‍പ് ഹജ്ജ് ചെയ്തവർക്കും അവസരമില്ല. 2022 ജനുവരി വരെ കാലാവധിയുള്ളതാകണം പാസ്പോർട്ടുകൾ. പുരുഷ രക്ഷാധികാരി, അഥവാ മഹ്റം ഇല്ലാത്ത 45 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്കും അപേക്ഷ നൽകാം. 30 മുതല്‍ 35 ദിവസം മാത്രമേ സൗദിയിൽ തങ്ങാൻ അനുവദിക്കൂ. കേന്ദ്ര ഹജ്ജ് കമ്മിറ്റി ഒരുക്കുന്ന ഏകീകൃത ബാഗേജ് ഉപയോഗിക്കണം. കോവിഡ് പ്രോട്ടോകോൾ കർശനമായും പാലിക്കേണം.

കോവിഡ് സാഹചര്യത്തിൽ ഇത്തവണ ഹജ്ജിനുള്ള ചെലവ് വർധിക്കും. നിലവിലെ കണക്ക് പ്രകാരം ഏകദേശ യാത്രാ ചെലവ് 375000 ആയിരിക്കും. ഹജ്ജിന് തെരഞ്ഞെടുക്കപ്പെടുന്നവർ ആദ്യ ഗഡുവായി ഒന്നര ലക്ഷം രൂപയാണ് അടക്കേണ്ടത്. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ സന്ദർഭത്തിനനുസരിച്ച് സൗദി നിബന്ധനകളിൽ മാറ്റവും വരുത്തിയേക്കും