Gulf

ഡ്രോണ്‍, മിസൈല്‍ ആക്രമണം; ഹൂതികള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് സൗദി സഖ്യസേനയുടെ മുന്നറിയിപ്പ്

ഹൂതികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കി സൗദി സഖ്യസേന. യെമന്‍ സമാധാന ചര്‍ച്ചയുടെ വിജയമാണ് ഇപ്പോള്‍ മുന്നിലുള്ളതെന്നും സൗദി സഖ്യസേന വക്താവ് തുര്‍കി അല്‍മാലിക് വ്യക്തമാക്കി. സൗദിക്ക് നേരെ തുടര്‍ച്ചയായി ഡ്രോണ്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ഹൂതികള്‍ക്ക് സഖ്യസേനയുടെ മുന്നറിയിപ്പ്. ഹൂതികള്‍ക്ക് തിരിച്ചടി നല്‍കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് സഖ്യസേനാ വക്താവ് വ്യക്തമാക്കി.

‘യെമനിലെ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള സഖ്യസേനയുടെ ശ്രമങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നത് പോലുള്ള തെറ്റായ നടപടികള്‍ ഇനി ഹൂതികള്‍ ആവര്‍ത്തിക്കരുത്. ഗള്‍ഫ് സഹകരണ കൗണ്‍സിലിന് കീഴില്‍ യെമനിലെ വിവിധ കക്ഷികളുമായി നടത്തുന്ന സമാധാന ചര്‍ച്ചയുടെ വിജയമാണ് ഇപ്പോള്‍ ലക്ഷ്യം. ചര്‍ച്ചയുടെ വിജയത്തിനായി സഖ്യസേന സംയമനം പാലിക്കും. യെമന്‍ വിഷയത്തില്‍ അന്താരാഷ്ട്ര നിലപാടിനൊപ്പമാണ് സഖ്യസേന എന്നും അല്‍മാലിക് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഈ മാസം അവസാനം റിയാദില്‍ നടക്കുന്ന സമാധാന ചര്‍ച്ചയ്ക്കുള്ള ക്ഷണം ഹൂതികള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. സൗദിക്ക് നേരെയുള്ള ഹൂതി ആക്രമണം യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളുടെ ലംഘനമാണെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു. ഹൂതികള്‍ വെടിനിര്‍ത്തലിനുള്ള ആഹ്വാനം നിരസിക്കുകയും പുതിയ ആക്രമണങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

സൗദിക്ക് നേരെയുള്ള ആക്രമണങ്ങളെ ജിസിസി രാജ്യങ്ങളും അപലപിച്ചു. ജിദ്ദ ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ മേഖലയിലും തെക്കന്‍ മേഖലയിലുമാണ് ഹൂതികള്‍ കഴിഞ്ഞ ദിവസം തുടര്‍ച്ചയായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയത്. ആളപായം റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും എണ്ണ സംഭരണികള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു.459 ബാലിസ്റ്റിക് മിസൈലുകളും 911 ഡ്രോണുകളും 106 ബോട്ടുകളും സൗദിക്ക് നേരെ ആക്രമണം നടത്താനായി ഇതുവരെ ഹൂതികള്‍ ഉപയോഗിച്ചതായി സഖ്യസേന വെളിപ്പെടുത്തി.