2050ഓടെ ദുബൈയിലെ പൊതുഗതാഗത വാഹനങ്ങൾ പൂർണമായും ഹരിത വാഹനങ്ങളാകും. ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് പദ്ധതി ആവിഷ്കരിച്ചത്. കാർബൺ പുറംതള്ളുന്ന വാഹനങ്ങൾ പൂർണമായും ഒഴിവാക്കുന്ന പദ്ധതിക്കും ആർ.ടി.എ രൂപം നൽകി. 2050ഓടെ ഇലക്ട്രിക്, ഹൈഡ്രജൻ വാഹനങ്ങളായിരിക്കും പൊതുഗതാഗതത്തിന് പൂർണമായും ഉപയോഗിക്കുക. ഇതുവഴി എട്ട് ദശലക്ഷം ടൺ കാർബൺഡൈ ഓക്സൈഡ് കുറക്കാനാകുമെന്ന് കരുതുന്നു. ഇത് 300 കോടി ദിർഹം ലാഭിക്കുന്നതിന് തുല്യമാണ്. മിഡിൽ ഈസ്റ്റ്- ആഫ്രിക്കൻ മേഖലയിൽ ഈ പദ്ധതി നടപ്പാക്കുന്ന ആദ്യ സർക്കാരായി ദുബൈ മാറും.
ബസ്, ടാക്സി, സ്‌കൂൾ ബസ് തുടങ്ങിയവയിലെല്ലാം ഇലക്ട്രിക്, ഹൈഡ്രജൻ വാഹനങ്ങൾ പ്രോൽസാഹിപ്പിക്കും. ആർ.ടി.എയുടെ പദ്ധതികളിലും സൗകര്യങ്ങളിലും സോളാർ പോലുള്ള ശുദ്ധ ഊർജ സ്രോതസുകൾ പ്രോൽസാഹിപ്പിക്കും. പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ പരിസ്ഥിതി സൗഹൃദമാക്കുന്നതിന് പുറമെ നിലവിലുള്ള കെട്ടിടങ്ങളും ഹരിത കെട്ടിടങ്ങളാക്കി മാറ്റും. 2030ഓടെ ആർ.ടി.എയുടെ പദ്ധതി വഴിയുണ്ടാകുന്ന മാലിന്യങ്ങൾ പൂർണമായും പുനരുപയോഗിക്കുന്ന രീതി നടപ്പാക്കും. ആർ.ടി.എയുടെ സ്ഥാപനങ്ങളിലെ വെള്ളവും പുനരുപയോഗം ചെയ്യാവനുന്ന പദ്ധതി നടപ്പാക്കും. 2035ഓടെ പവർ എഫിഷ്യന്റ് സ്ട്രീറ്റ്ലൈറ്റിങ് പദ്ധതി പൂർത്തീകരിക്കും.