അണുനാശിനികളും, മാസ്കുകളും, മുസല്ലയും, പ്രതിരോധ സാമഗ്രികളും അടങ്ങിയ കിറ്റ് തീർത്ഥാടകർക്ക് വിതരണം ചെയ്യും.
ഹജ്ജ് തീർത്ഥാടകരെ സ്വീകരിക്കുന്നതിനായി പുണ്യ നഗരങ്ങള്‍ ഒരുങ്ങുന്നു. മിനായില്‍ ടെന്റുകൾക്ക് പകരം ബഹുനില കെട്ടിടങ്ങളിലാണ് ഇത്തവണ തീർത്ഥാടകരെ താമസിപ്പിക്കുക. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് തീർത്ഥാടകർക്കാവശ്യമായ സേവനങ്ങളൊരുക്കുന്നത്.
കോവിഡ് കാലത്തെ ഹജ്ജിന് പതിവിന് വിപരീതമായി ഒരുക്കങ്ങൾ ഏറെയുണ്ട്. തീർത്ഥാടകരുടെ ആരോഗ്യ സുരക്ഷക്ക് പ്രാധാന്യം നൽകികൊണ്ടുള്ള ക്രമീകരണങ്ങളാണ് നടത്തിവരുന്നത്. തീർത്ഥാടകരെ 20 അംഗങ്ങൾ വീതമുള്ള ഗ്രൂപ്പുകളാക്കി തിരിക്കും. ഓരോ ഗ്രൂപ്പിനും പ്രത്യേകം ഗൈഡുകളുണ്ടാകും.
കർമ്മങ്ങളിലുടനീളം തീർത്ഥാടകർ 2 മീറ്റർ അകലം പാലിക്കണം. മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിൽ 9 മീറ്റർ സ്ഥമാണ് ഓരോ തീർത്ഥാടകനും അനുവദിക്കുക. 49 പേർക്ക് സഞ്ചരിക്കാവുന്ന ബസ്സിൽ 22 തീർത്ഥാടകർ മാത്രമേ യാത്ര ചെയ്യൂ. കർമ്മങ്ങൾ അവസാനിക്കുന്നത് വരെ തീർത്ഥാടകർക്ക് ബസ്സിലെ സീറ്റ് മാറുവാൻ അനുവാദമില്ല.
മിനായിൽ ടെന്റുകൾക്ക് പകരമായി 12 നിലകൾ വീതമുളള ആറ് കെട്ടിടങ്ങളിലായിട്ടായിരിക്കും തീർത്ഥാടകർ താമസിക്കുക. അണുനാശിനികളും, മാസ്കുകളും, മുസല്ലയും, പ്രതിരോധ സാമഗ്രികളും അടങ്ങിയ കിറ്റ് തീർത്ഥാടകർക്ക് വിതരണം ചെയ്യും. ജംറകളിൽ എറിയുന്നതിനായി അണുവിമുക്തമാക്കിയ കല്ലുകളുടെ പാക്കറ്റുകളും നൽകും. ഭക്ഷണകാര്യങ്ങളിലും കൃത്യമായ ജാഗ്രത പുലർത്തും. സുരക്ഷിതമായ പാക്കറ്റ് ഭക്ഷണങ്ങളാണ് തീർത്ഥാടകർക്ക് നൽകുക.