ദുബൈയില്‍ പുതിയ ബിസിനസ് തുടങ്ങുന്നതിനും നടത്തുന്നതിനുമുള്ള നടപടിക്രമങ്ങളിൽ അടുത്ത മൂന്നു മാസത്തിനുള്ളിൽ 30ശതമാനം കുറവ് വരുത്തും. നിക്ഷേപകരെ കൂടുതലായി ആകർഷിക്കാനും എമിറേറ്റിന്റെ മത്സരശേഷി വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ദുബൈ കിരീടവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് ഇതു സംബന്ധിച്ച നിർദേശം നൽകിയത്. നിക്ഷേപ അന്തരീക്ഷം ഉയർത്തുന്നതിന് വിവിധ പദ്ധതികളുമായി മുന്നോട്ട് പോവുമെന്ന് ശൈഖ് ഹംദാൻ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ വ്യക്തമാക്കി. സ്വകാര്യ മേഖലക്ക് നൽകേണ്ട സഹായം, സാമ്പത്തിക മേഖലയുടെ പുനരുദ്ധാരണ പദ്ധതികൾ, ബിസിനസ് തുടങ്ങുന്നതിന്റെ ഭാരം കുറക്കാനുമുള്ള വഴികൾ എന്നിവ യോഗത്തിൽ ചർച്ചയായി. നിക്ഷേപ അന്തരീക്ഷം വികസിപ്പിക്കാനും കച്ചവടക്കാരെ ആകർഷിക്കുന്നത് തുടരാനും സർക്കാർ കാര്യക്ഷമമമാകണമെന്ന് ശൈഖ് ഹംദാൻ നിർദേശിച്ചു. ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും വിവിധ സർക്കാർ വകുപ്പുകളുടെ മേധാവികളും യോഗത്തിൽ പങ്കെടുത്തു. കോവിഡ് വ്യാപിച്ചതിന് ശേഷം പെതുവെ ബിസിനസ് രംഗത്ത് രൂപപ്പെട്ട മാന്ദ്യത്തെ മറികടക്കുന്നതിനാണ് പുതിയ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2020/03/saudi-put-more-restrictions-covid-19.jpg?resize=1200%2C600&ssl=1)