Gulf

ഹജ്ജ് തീർത്ഥാടകരെ സ്വീകരിക്കാൻ തമ്പുകളുടെ നഗരമായി മിന ഒരുങ്ങി

ഹജ്ജ് തീർത്ഥാടകരെ സ്വീകരിക്കാൻ തമ്പുകളുടെ നഗരമായി മിന ഒരുങ്ങി. തമ്പുകളിൽ അവസാനഘട്ട മിനുക്കുപണികൾ പുരോഗമിക്കുകയാണ്. ഹജ്ജ് കർമങ്ങളുടെ ഭാഗമായി 4 ദിവസമാണ് തീർഥാടകർ മിനായിൽ താമസിക്കുന്നത്.

ഹജ്ജ് വേളയിൽ തീർത്ഥാടകർക്കു ഏറ്റവും കൂടുതൽ കർമങ്ങൾ അനുഷ്ടിക്കാനുള്ളത് മിനായിലാണ്. അതുകൊണ്ട് തന്നെ തമ്പുകളുടെ നഗരമായ മിന തീർത്ഥാടകരെ സ്വീകരിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ്. മിന ടവറുകളിലും തമ്പുകളിലുമാണ് തീർത്ഥാടകർ താമസിക്കുക. ഇത്തവണ തമ്പുകളിൽ താമസിക്കുന്നതിന് പ്രധാനമായും 2 കാറ്റഗറികൾ ഉണ്ട്. ഇതിൽ ഹോസ്പിറ്റാലിറ്റി 1 എന്ന ചിലവ് കൂടിയ കാറ്റഗറിയിൽ ഒരു ടെൻറിൽ പരമാവധി 6 തീർഥാടകർ മാത്രമായിരിക്കും താമസിക്കുക. ഓരോരുത്തർക്കും രണ്ടര ചതുരശ്ര മീറ്റർ സ്ഥലം ഉണ്ടാകും.

സാധാരണ ടെൻറിൽ 10 തീർഥാടകർ ഉണ്ടാകും. ഒരാൾക്ക് 1.6 ചതുരശ്ര മീറ്റർ സ്ഥലമാണ് ഈ ടെൻറുകളിൽ അനുവദിക്കുന്നത്. ടെൻറുകളെല്ലാം തീർത്ഥാടകരെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ബെഡും കട്ടിലും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വരും ദിവസങ്ങളിൽ ടെൻറുകളിൽ സജ്ജീകരിക്കും. കല്ലേറ് കർമം നിർവഹിക്കുന്ന മിനായിലെ ജംറകൾ കനത്ത സുരക്ഷാ വലയത്തിലാണ് ഇപ്പോൾ. മിനായിലെ താമസത്തോടെ അടുത്തയാഴ്ച ഹജ്ജ് കർമങ്ങൾ ആരംഭിക്കും. തീർത്ഥാടകരിൽ ഭൂരിഭാഗവും ഇപ്പോൾ മക്കയിലാണ് ഉള്ളത്. ഇപ്പോൾ മദീനയിലുള്ള തീർത്ഥാടകർ വരും ദിവസങ്ങളിൽ മക്കയിലെത്തും.

അനുമതിയില്ലാതെ ഹജ്ജ് തീർത്ഥാടനം നടത്താൻ ശ്രമിക്കുന്ന ആളുകൾക്ക് 10,000 റിയാൽ പിഴ ചുമത്തുമെന്ന് പബ്ലിക് സെക്യൂരിറ്റി വക്താവ് ബ്രിഗേഡിയർ ജനറൽ സാമി ബിൻ മുഹമ്മദ് അൽ ഷുവൈരേഖ് പറഞ്ഞു. ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്നവർ അതിനുള്ള പെർമിറ്റ് അധികാരികളിൽ നിന്ന് വാങ്ങിച്ചിരിക്കണം. ഹജ്ജുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിക്കാൻ എല്ലാ പൗരന്മാരോടും പ്രവാസികളോടും അൽ-ഷുവൈരെഖ് ആഹ്വാനം ചെയ്തു.

അതേ സമയം ഹറമിലേക്കും വിശുദ്ധ സ്ഥലങ്ങളിലേക്കും പോകുന്ന എല്ലാ റോഡുകളിലും ഇടനാഴികളിലും സുരക്ഷാ ഉദ്യോഗസ്ഥർ അവരുടെ ചുമതലകൾ നിർവഹിക്കാൻ സന്നദ്ധരായിട്ടുണ്ട്. ചുമതലയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥർ നിയമ ലംഘനങ്ങൾ നിയന്ത്രിക്കുകയും എല്ലാ നിയമലംഘകർക്കെതിരെയും പിഴ ചുമത്തുകയും ചെയ്യും.