വെസ്റ്റ് ബാങ്ക് അധിനിവേശം ഇനിയുണ്ടാകില്ലെന്ന് ഇസ്രയേലിന്‍റെ ഉറപ്പ്; പശ്ചിമേഷ്യയില്‍ സമാധാനം ഉറപ്പിക്കാനുള്ള കരാറെന്ന് യുഎഇ
ഇസ്രായേലുമായി നയതന്ത്ര കരാറിലേര്‍പ്പെട്ട് യുഎഇ. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. വെസ്റ്റ് ബാങ്ക് അധിനിവേശം നിർത്തിവെക്കുമെന്ന് ഇസ്രായേൽ അറിയിച്ചു. പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പിക്കാനുള്ള ചരിത്ര കരാറാണെന്നാണ് യുഎഇയുടെ പ്രതികരണം. ഇസ്രായേലുമായി ഒരു ഗള്‍ഫ് രാജ്യം ഇതാദ്യമായാണ് നയതന്ത്ര ബന്ധത്തിനൊരുങ്ങുന്നത്.
യു.എ.ഇക്കു പിന്നാലെ ഇസ്രായേലുമായി കൈകോർക്കാൻ ഗൾഫ് മേഖലയിൽ കൂടുതൽ രാജ്യങ്ങൾ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് അമേരിക്ക. അറബ് രാജ്യങ്ങളും ഇസ്രായേലും തമ്മിൽ ബന്ധം മെച്ചപ്പെടുന്നത് ഗൾഫ് മേഖലയിലും പുറത്തും അമേരിക്കയ്ക്ക് കൂടുതൽ ഗുണം ചെയ്യും. അതേസമയം ഫലസ്തീൻ പ്രശ്നം അറബ് ലോകത്തിന്‍റെ മുഖ്യപരിഗണനയിൽ നിന്ന് പുറന്തള്ളപ്പെടുമെന്ന ആശങ്ക പശ്ചിമേഷ്യയിൽ ശക്തമാണ്.
ഗൾഫ് രാജ്യങ്ങളുമായി ഇസ്രായേൽ രൂപപ്പെടുത്തുന്ന ആദ്യ കരാറാണിത്. യു.എ.ഇയിലെയും ഇസ്രായേലിലെയും പ്രതിനിധി സംഘം അടുത്ത ദിവസം തന്നെ കരാറിൽ ഒപ്പുവെക്കും. എംബസി തുറക്കലും വിവിധ തുറകളിലെ സഹകരണവും കരാറിന്‍റെ ഭാഗാണ്. ഈജിപ്തിനും ജോർദാനും പുറമെ ഇസ്രായേലുമായി സമ്പൂർണ നയതന്ത്ര ബന്ധം രൂപപ്പെടുത്തുന്ന ആദ്യ അറബ് രാജ്യം കൂടിയായി മാറും യുഎഇ. ഗൾഫ് മേഖലയിൽ ഇറാൻ വിരുദ്ധചേരിയെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യവും അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ് മുന്നിൽ കാണുന്നുണ്ട്.
പശ്ചിമേഷ്യയിലെ രണ്ട് പ്രധാന ശക്തികൾ തമ്മിൽ കരാർ ഒപ്പിടുന്നതോടെ മേഖലയിലെ സാമ്പത്തികവും സാങ്കേതികവുമായ വളർച്ചക്ക് മുതൽക്കൂട്ടാകുമെന്നാണ് യു.എ.ഇയുടെയും ഇസ്രായേലിന്‍റെയും വിലയിരുത്തൽ. നവംബറിലെ തെരഞ്ഞെടുപ്പിൽ കരാർ ഗുണം ചെയ്യുമെന്നാണ് ട്രംപിന്‍റെ കണക്കുകൂട്ടൽ. എന്നാൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം, അധിനിവിഷ്ട ഭൂമിയിൽ നിന്നുള്ള പിൻമാറ്റം, അഭയാർഥികളുടെ തിരിച്ചുവരവ് എന്നിവ അംഗീകരിക്കാതെ ഇസ്രായേലുമായി അറബ് ലോകം ഐക്യപ്പെടരുതെന്നാണ് ഫലസ്തീൻ സംഘടനകളുടെ ആവശ്യം.