Gulf

ആയുധ ഉപരോധം; അമേരിക്കയുടെ ഭീഷണി, മുന്നറിയിപ്പുമായി ഇറാന്‍

ഉപരോധത്തിലൂടെയും ആക്രമണത്തിലൂടെയും ഇറാനെതിരെ തിരിഞ്ഞാൽ കടുത്ത രീതിയിൽ തിരിച്ചടിക്കുമെന്നും ഹസൻ റൂഹാനി

ഉപരോധം അടിച്ചേൽപിക്കാനുള്ള അമേരിക്കൻ നീക്കം തിരിച്ചടിയാകുമെന്ന് ട്രംപിന് ഇറാൻ പ്രസിഡന്‍റിന്‍റെ മുന്നറിയിപ്പ്. 2015ലെ ആണവ കരാർ പ്രകാരമുള്ള ആയുധ ഉപരോധം അടുത്ത മാസം അവസാനിക്കാനിരിക്കെ, അമേരിക്കയുടെ പുതിയ സമ്മർദ തന്ത്രങ്ങൾ വിജയിക്കില്ലെന്നും ഹസൻ റൂഹാനി മുന്നറിയിപ്പ് നൽകി.

ഇറാന് മേൽ പരമാവധി സമ്മർദം ചെലുത്താനാണ് യു.എസ് നീക്കം. എന്നാൽ ലോകത്തിനു മുമ്പാകെ പരമാവധി ഒറ്റപ്പെടുന്ന അവസ്ഥയാകും അമേരിക്കക്ക് സംഭവിക്കുക. ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി പറഞ്ഞു.

ഇറാനുമേലുള്ള ആയുധ ഉപരോധം നീട്ടുന്നത് ശരിയല്ലെന്ന് പ്രധാന യൂറോപ്യൻ രാജ്യങ്ങൾ കഴിഞ്ഞ ദിവസം യു.എൻ രക്ഷാസമിതിക്ക് മുമ്പാകെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഉപരോധ നടപടികൾ എളുപ്പമല്ലെന്ന് യു.എൻ സെക്രട്ടറി ജനറലും വ്യക്തമാക്കുകയുണ്ടായി. പുതിയ ഉപരോധം നിയമവിരുദ്ധമാണെന്ന് റഷ്യയും അറിയിച്ചു.

ഈ സാഹചര്യത്തിലാണ് സ്വന്തം നിലക്ക് ഉപരോധ നടപടികളുമായി മുന്നോട്ടു പോകുമെന്ന യു.എസ് ഭീഷണി. ഉപരോധത്തിലൂടെയും ആക്രമണത്തിലൂടെയും ഇറാനെതിരെ തിരിഞ്ഞാൽ കടുത്ത രീതിയിൽ തിരിച്ചടിക്കുമെന്നും ഹസൻ റൂഹാനി അമേരിക്കക്ക് താക്കീത് നൽകി.