Gulf

ഗൾഫ് സഹകരണത്തിൽ ഊന്നി ഇന്ത്യ; സാമ്പത്തിക മാന്ദ്യം മറികടക്കുക ലക്ഷ്യം

ഗൾഫുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ഉഭയകക്ഷി ചർച്ചകളിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സൗദി ഉൾപ്പെടെ കൂടുതൽ രാജ്യങ്ങളിൽ സന്ദർശനം നടത്താനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ തീരുമാനം. സാമ്പത്തിക മാന്ദ്യം വലിയ പ്രത്യാഘാതം സൃഷ്ടിക്കും എന്നുറപ്പായിരിക്കെ, എണ്ണ സമ്പന്ന ഗൾഫ് രാജ്യങ്ങളുമായുള്ള അടുപ്പം ഇന്ത്യക്ക് നിർണായകമാണ്. ഇന്ത്യയിലെ എല്ലാ തുറകളിലും ഗൾഫിൽ നിന്ന് പരമാവധി നിക്ഷേപം ഉറപ്പാക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട ചേംബർ, ഫിക്കി ഉൾപ്പെടെയുള്ള വേദികൾക്കു ചുവടെ വെർച്വൽ യോഗങ്ങൾ ചേരും. കോവിഡ് പ്രതിസന്ധി മറികടക്കാൻ വിദേശ രാജ്യങ്ങളിൽ നിന്നുള്ള പുതിയ നിക്ഷേപം ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയവും വിലയിരുത്തുന്നുണ്ട്.

കോവിഡ് പ്രതിസന്ധി മൂലം തൊഴിൽ നഷ്ടപ്പെട്ട് ആയിരങ്ങൾ മടങ്ങേണ്ടി വന്ന സാഹചര്യത്തിൽ ഇവരുടെ മടക്കവും ഇന്ത്യക്ക് പ്രധാനമാണ്. യു.എ.ഇ, ബഹ്റൈൻ സന്ദർശന വേളയിൽ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ ഇക്കാര്യം പ്രധാനമായും ഉന്നയിക്കുകയും ചെയ്തു. പാകിസ്താൻ ഉൾപ്പെടെ നിരവധി രാജ്യങ്ങൾക്ക് വിസാ നിയന്ത്രണം നിലനിൽക്കെ, ഇന്ത്യയുടെ കാര്യത്തിൽ അനുഭാവപൂർണമായ നിലപാടാണ് യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ സ്വീകരിക്കുന്നത്. ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുന്നതിലൂടെ ഊർജം ഉൾപ്പെടെ എല്ലാ മേഖലകളിലും സംയുക്ത പദ്ധതികൾ ആവിഷ്കരിക്കാനുള്ള സാധ്യതയും ഇന്ത്യ മുന്നിൽ കാണുന്നുണ്ട്.