Gulf

ഹജ്ജ് ഒരുക്കങ്ങൾ സജീവമായി; മക്കയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും

കോവിഡ് പശ്ചാത്തലത്തിൽ പുണ്യസ്ഥലങ്ങളിലെ താമസം, യാത്ര തുടങ്ങിയ വിഷയങ്ങളിൽ കർശനമായ ആരോഗ്യ പെരുമാറ്റ ചട്ടങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്.

ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി മക്കയിലേക്കുള്ള പ്രവേശനം ജൂലൈ പത്തൊന്‍പത് മുതല്‍ നിയന്ത്രിക്കും .അനുമതി പത്രങ്ങളുള്ളവർക്ക് മാത്രമായിരിക്കും അന്നു മുതല്‍ പ്രവേശനമുണ്ടാവുക.കോവിഡ് പശ്ചാതലത്തിൽ കർശനമായ പെരുമാറ്റച്ചട്ടങ്ങളാണ് ഇത്തവണ നിശ്ചയിച്ചിരിക്കുന്നത്. ദുൽഖഅദ് 28 അഥവാ ജൂലൈ 19 മുതൽ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ പരിശോധന ആരംഭിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായുള്ള ഒരുക്കങ്ങൾ മക്കയിലേക്കുള്ള ചെക്ക് പോസ്റ്റുകളിൽ സുരക്ഷ വിഭാഗത്തിന് കീഴിൽ പൂർത്തിയായി വരികയാണ്.

ബലിമൃഗങ്ങളെ ഇറക്കുമതി ചെയ്യുന്നതിനും അറവ്ശാലകൾ പ്രവർത്തിപ്പിക്കുന്നതിനുമായി കരാർ ഒപ്പുവെക്കുന്നതടക്കമുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. ആഫാഖ് കമ്പനിയാണ് കരാറടിസ്ഥാനത്തിൽ ബലിമൃഗങ്ങളെ ഇറക്കുമതി ചെയ്യുക. മനാർ അൽമശാഇർ ലിമിറ്റഡ് കമ്പനിക്കാണ് അറവുശാലകളുടെ നടത്തിപ്പ് ചുമതല. രോഗം ബാധിച്ച മൃഗങ്ങളേയും മറ്റും മക്കയിലേക്ക് ആളുകൾ കടത്തുന്നത് തടയാൻ കാർഷിക വകുപ്പിന് കീഴിൽ പ്രത്യേക സംഘത്തെ നിശ്ചയിച്ചട്ടുണ്ട്. മസ്ജിദുൽ ഹറാമിലും തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. ഹജ്ജ് തീർഥാടകർക്ക് ഹറം തുറന്നു കൊടുക്കുന്നതിൻ്റെ മുന്നോടിയായി ആരോഗ്യ മുൻകരുതൽ നടപടികൾ നിശ്ചയിക്കുന്നതിനും നടപ്പാക്കുന്നതിനുമുള്ള പ്രവർത്തനങ്ങളും പുരോഗമിച്ച് വരുന്നു.